പറവൂർ: മൂത്തകുന്നം വിഘ്നേശ്വര ബോട്ട് ക്ലബ് സംഘടിപ്പിച്ച ജലോത്സവത്തിൽ എ ഗ്രേഡിൽ താണിയനും, ബി ഗ്രേഡിൽ മയിൽപ്പീലിയും ജേതാക്കളായി. ഇരുട്ടുകുത്തി വള്ളങ്ങൾ വാശിയോടെ കുതിച്ച മത്സരത്തിൽ എ ഗ്രേഡ് ഫൈനലിൽ കഴിഞ്ഞ ദിവസം നടന്ന താണിയൻ കടവ് വള്ളംകളിയുടെ തനിയാവർത്തനമായിരുന്നു. തുരുത്തിപ്പുറം ബോട്ട് ക്ലബിന്റെ തുരുത്തിപ്പുറം വള്ളത്തെ പരാജയപ്പെടുത്തി താണിയൻ സീസണിലെ ആറാം കിരീടം ചൂടി.
ബി ഗ്രേഡ് ഫൈനലിൽ സത്താർ ഐലൻഡ് ഗരുഡ ബോട്ട് ക്ലബിന്റെ മയിൽപ്പീലി, താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗണിന്റെ ചെറിയപണ്ഡിതനെ പരാജയപ്പെടുത്തി. എ ഗ്രേഡിൽ ആറ്, ബി ഗ്രേഡിൽ എട്ട് വള്ളങ്ങൾ മാറ്റുരച്ചു. മന്ത്രി ചിഞ്ചുറാണി ജലോത്സവം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അധ്യക്ഷനായി. വി.ആർ. സുനിൽകുമാർ എംഎൽഎ തുഴ കൈമാറി. വിഘ്നശ്വര ബോട്ട് ക്ലബ് ചെയർമാൻ എൻ.കെ. വിനോബ പതാക ഉയർത്തി. മുനമ്പം ഡിവൈഎസ്പി എം.കെ. മുരളി ജേതാക്കൾക്കു ട്രോഫികൾ സമ്മാനിച്ചു.
ജലോത്സവം: താണിയനും മയിൽപ്പീലിയും ജേതാക്കൾ
12:21 AM Oct 06, 2022 | Deepika.com