കാക്കനാട്: യുവാവ് ഓടിച്ച കാറിടിച്ച് വൈദ്യുത പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞുവീണു.സംഭവത്തിൽ കാർ ഓടിച്ച ചങ്ങമ്പുഴ നഗർ സ്വദേശി ആൽബിൻ (23)ന്റെ പേരിൽ തൃക്കാക്കര പോലീസ് കേസെടുത്തു.
ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജ് അമ്പലം റോഡിൽഅമിത വേഗത്തിൽ യുവാവ് ഓടിച്ചിരുന്ന കാർ ഇടിച്ചാണ് വൈദ്യുതി പോസ്റ്റ് തകർന്നത്. ഇതിനു മുന്പ് കാറിന്റെ മുൻവശം ഇടതുഭാഗത്തെ ടയർ പൊട്ടി റിമ്മിൽ ഒന്നര കിലോമീറ്റർ അകലം വരെ റോഡിലൂടെ ഇയാൾ കാർ ഓടിച്ചിരുന്നു.
എൻജിനീയറിംഗ് കോളജ് റോഡിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട് 12 കെവി ലൈൻ കടന്നു പോകുന്ന കൂറ്റൻ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. എൻജിഒ ക്വാർട്ടേഴ്സ് മുതൽ എൻജിനീയറിംഗ് കോളജ് വരെ റോഡിൽ കാറ് ടയറില്ലാതെ റിമ്മിൽ ഓടിയതിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നു.
ഇടിയുടെ ശബ്ദം കേട്ടാണ് പ്രദേശത്തുള്ളവർ ഓടിയെത്തിയത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതപോസ്റ്റ് രണ്ടായി ഒടിഞ്ഞു വീഴുകയും കാറിന്റെ മുൻവശം പാടെ തകരുകയും ചെയ്തുവെങ്കിലും ആളപായം ഉണ്ടായില്ല. അപകടം നടക്കുമ്പോൾ മറ്റാരും കാറിലുണ്ടായിരുന്നില്ല. അപകടത്തെത്തുടർന്ന് ഈ വൈദ്യുത ബന്ധം ആകെ തകരാറിലായി ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് പ്രദേശത്തെ വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്. റോഡിനു കുറുകെ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റും വൈദ്യുത കമ്പികളും തൃക്കാക്കര അഗ്നിശമന സേന എത്തിയാണ് മുറിച്ചു മാറ്റിയത്. സംഭവത്തിൽ കെഎസ്ഇബിക്കുണ്ടായ നാശനഷ്ടം 32,000 രൂപ യുവാവിൽ നിന്ന് ഈടാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
കാറിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു: യുവാവ് പിടിയിൽ
12:20 AM Oct 06, 2022 | Deepika.com