അമ്പലപ്പുഴ: വിജയദശമി ദിനത്തിൽ ആദ്യക്ഷരമായ ഹരിശ്രീ കുറിച്ച് അറിവിന്റെ ലോകത്തിലേക്ക് കുരുന്നുകൾ. വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും വിജയ ദശമി ദിനത്തിൽ വിദ്യാരംഭ ദിന ചടങ്ങുകൾ നടന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തിനിരുത്താൻ പുലർച്ചെ മുതൽ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിന് പേരാണ് ഉണ്ണിക്കണ്ണന്റെ തിരുസന്നിധിയിൽ കുരുന്നുകളുമായി ആദ്യാക്ഷരം പകരാനെത്തിയത്.
ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തില്‍
എടത്വ: ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്നു വന്ന നൃത്ത സംഗീതോത്സവം സമാപിച്ചു.
ക്ഷേത്രത്തിനകത്തും പുറത്തുനിന്നുള്ള പ്രഗല്ഭരും പ്രശസ്തരുമായ നൂറുകണക്കിന് കലാകാരന്മാര് സംഗീതോത്സവത്തില്‍ പങ്കെടുത്തു. സംഗീതാര്‍ച്ചനയ്ക്കു പുറമേ നൃത്ത നൃത്ത്യങ്ങള്‍ കഥകളി, ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, തെയ്യം, കോലം തുടങ്ങിയ കലാരൂപങ്ങളും നവരാത്രി മണ്ഡപത്തില്‍ അരങ്ങേറി. വിജയദശമിയോടനുബന്ധിച്ച് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ നടന്നു.
തിരുപനയന്നൂര്ക്കാവ്
ത്രിപുരസുന്ദരി ക്ഷേത്രത്തില്‍
എടത്വ: മൂന്നര പതിറ്റാണ്ടായി മുടക്കം കൂടാതെ അനേകായിരങ്ങള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്ന തലവടി തിരുപനയന്നൂര്ക്കാ വ് ഭഗവതി ക്ഷേത്രത്തില്‍ നടന്നു വന്ന വിദ്യാരാജ്ഞി യജ്ഞം സമാപിച്ചു. മൂന്നുദിവസം നീണ്ടുനിന്ന ക്യാമ്പില്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍നിന്നു അന്‍പതിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ക്യാമ്പ് മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. രാജേഷ് നാദാപുരം, സന്തോഷ് ഗുരുക്കൾ എന്നിവ രുടെ ക്ലാസുകൾ നടന്നു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠര് ആനന്ദ് പട്ടമന, തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജ് റിട്ട പ്രഫ. ഗോവിന്ദൻ നമ്പൂതിരി, ഗവ. ആയുർവേദ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വിനോദ് കൃഷ്ണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
മാന്നാർ: ഇലഞ്ഞിമേൽ കെ.പി. രാമൻനായർ ഭാഷാപഠനകേന്ദ്രം വണ്ടിമല ദേവസ്ഥാനത്ത് വിദ്യാരംഭച്ചടങ്ങ് ഒരുക്കി. നിരവധി കുരുന്നുകൾ ആദ്യക്ഷരത്തിന്റെ മധുരം നുണഞ്ഞു. ഇത്തവണ ഇതര സംസ്ഥാനത്തെ കുരുന്നുകൾ ആദ്യക്ഷരം കുറിക്കാൻ എത്തിയിരുന്നു. തമിഴ്നാട് തേനി കോംബെ ഗ്രാമത്തിലുള്ള ഉദയൻ-കൗസല്യ ദമ്പതികളുടെ മക്കളായ കബിലേശ്വരൻ, കവിനേശ്വരൻ എന്നീ കുരുന്നുകളാണ് എത്തിയത്. ഭാഷാപണ്ഡിതൻ പ്രഫ. കെ. ഗോപിക്കുട്ടൻ, ബ്രഹ്മശ്രീ കണ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നല്കി.
ഹരിശ്രീ കുറിച്ച് കുരുന്നുകൾ
10:51 PM Oct 05, 2022 | Deepika.com