വൈക്കം: ടിവി പുരം മറ്റപ്പള്ളിയിൽ കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച വൈകുന്നേരം എട്ടോടെ ടിവി പുരം മറ്റപ്പള്ളി കോളനിക്ക് സമീപമായിരുന്നു സംഭവം.
ഡിവൈഎഫ്ഐ മറ്റപ്പള്ളി യൂണിറ്റ് സെക്രട്ടറി ടി. അബിൻ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ബിനിൽ ബിജു, പി. അഭിഷേക് എന്നിവരെയാണ് കഞ്ചാവ്-മയക്കുമരുന്ന് സംഘം ആക്രമിച്ചത്. ഇവരെ ഗുരുതര പരിക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തു കഞ്ചാവ്-മയക്കുമരുന്ന് വില്പന നടത്തി വരുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ നേതൃത്വം ആരോപിച്ചു.
ഡിവൈഎഫ്ഐയുടെ ലഹരിക്കെതിരായ കാമ്പയിന്റെ ഭാഗമായി പ്രവർത്തകർ ആഴ്ചകളായി പ്രദേശത്തു മയക്കുമരുന്ന് മാഫിയകളെ ഒറ്റപ്പെടുത്തുന്നതിനായി പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. ഇതിൽ പ്രകോപിതരായാണ് സംഘം ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
കൊച്ചുകുട്ടികൾക്കുപോലും ലഹരി വസ്തുക്കൾ വില്പന നടത്തുന്ന ഇത്തരം ക്രിമിനൽ സംഘങ്ങൾക്കെതിരേ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും പോലീസ് കർശന നടപടി സ്വീകരിക്കണമെന്നു ഡിവൈഎഫ്ഐ ടി.വി. പുരം സൗത്ത് മേഖല പ്രസിഡന്റ് പി.ജെ. വിനീഷ് സെക്രട്ടറി കെ.എം. കണ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ പ്രവർത്തകരെ കഞ്ചാവ് മാഫിയ ആക്രമിച്ചു
10:46 PM Oct 05, 2022 | Deepika.com