കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമീണ മേഖലകളില്‍ കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടിക്ക് ഇന്ന് ആരംഭം കുറിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് ഞീഴൂരില്‍ മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.
തദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന ഗ്രാമവണ്ടി പദ്ധതി കടുത്തുരുത്തി, തലയോലപ്പറമ്പ്, വെള്ളൂര്‍, മുളക്കുളം, ഞീഴൂര്‍ എന്നീ പഞ്ചായത്തുകളില്‍ നടപ്പിലാക്കാനാണ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
രണ്ട് ബസുകൾ സര്‍വീസ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വൈക്കത്തുനിന്നും തലയോലപ്പറമ്പ് - പാലാംകടവ് - തട്ടാവേലി - ബ്രഹ്മമംഗലം - വെട്ടിക്കാട്ട്മുക്ക് - വെള്ളൂര്‍ - മുളക്കുളം - ഞീഴൂര്‍ - മരങ്ങോലി - വാക്കാട് - കുറവിലങ്ങാട് റൂട്ടില്‍ ഒരു ബസും വൈക്കം - കോരിക്കല്‍ - എഴുമാന്തുരുത്ത് - കാപ്പുന്തല - ഐഎച്ച്ആര്‍ഡി കോളജ് - മരങ്ങോലി റൂട്ടില്‍ രണ്ടാമത്തെ ബസും സര്‍വീസ് നടത്തും.
ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 12 ലക്ഷം രൂപയാണ് ഗ്രാമവണ്ടിക്കായി അനുവദിച്ചിരിക്കുന്നത്. ഡീസല്‍ ചെലവ് തദേശസ്ഥാപനങ്ങള്‍ നല്‍കും. പദ്ധതി നടപ്പാക്കുമ്പോള്‍ കടുത്തുരുത്തിയിലും സമീപ പ്രദേശങ്ങളിലുമായി പൊതുഗതാഗത സൗകര്യം കുറവുള്ള നിരവധി മേഖലകളിലെ ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രതീക്ഷ.
മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍, തോമസ് ചാഴികാടന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, ഞീഴൂര്‍, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആര്. സുഷമ, സൈനമ്മ ഷാജു തുടങ്ങിയവര്‍ പ്രസംഗിക്കും.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി ഇന്ന് ആരംഭിക്കും
10:46 PM Oct 05, 2022 | Deepika.com