കടുത്തുരുത്തി: മൂവാറ്റുപുഴയാറിലും പുല്ലാന്തിയാറിലും കോണത്തുപുഴയിലും പോളയും പായലും നിറയുന്നതിനാല്‍ മത്സ്യത്തൊഴിലാളികളും തോണി യാത്രക്കാരും പ്രതിസന്ധിയില്‍. വൈപ്പാടമ്മേല്‍, തുരുത്തുമ്മ, ശാസ്താംതുരുത്ത്, കൃഷ്ണന്തുരത്ത് മേഖലകളിലുള്ളവരാണ് വലിയ പ്രതിസന്ധി നേരിടുന്നത്.
വേമ്പനാട്ട് കായലില്‍നിന്ന് മുറിഞ്ഞപുഴ ഭാഗത്തുകൂടിയാണ് മൂവാറ്റുപുഴയാറിലേക്കും കൈവഴികളിലേക്കും പോളയും പായലും കയറുന്നത്. നിലവില്‍ മൂവാറ്റുപുഴയാറില്‍ തുരുത്തുമ്മ തൂക്കുപാലം വരെയുള്ള ഭാഗത്ത് പോള നിറഞ്ഞു കിടക്കുകയാണ്.
ചെമ്പ് അങ്ങാടിക്കടവിലെ ജങ്കാര്‍ സര്‍വീസിനെയും പോള നിറഞ്ഞു കിടക്കുന്നത് ബാധിക്കുന്നുണ്ട്. പുല്ലാന്തിയാറില്‍ വാലേല്‍ മുതല്‍ വൈപ്പാടമ്മേല്‍ ഭാഗം വരെ പുഴ നിറഞ്ഞു പോള അടിഞ്ഞു കിടക്കുകയാണ്. കോണത്തുപുഴയില്‍ കീച്ചേരി ഭാഗത്തും പൂത്തോട്ട മേഖലയിലുമെല്ലാം പോളയും പായലും നിറഞ്ഞിരിക്കുകയാണ്. ഈ പ്രദേശങ്ങളിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍പിടിക്കാനോ കക്കാ വാരാനോ വേമ്പനാട്ട് കായലിലേക്ക് വള്ളത്തില്‍ പോകാനാവാത്ത അവസ്ഥയാണ്.
ക്ഷീരകര്‍ഷകര്‍ക്കു പുല്ല് ശേഖരിക്കുന്നതിനോ പൂഴി, മണ്ണ്, കല്ല് തുടങ്ങിയ നിര്‍മാണ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനോ തോണികളെ ആശ്രയിക്കാനാവാത്ത സാഹചര്യമാണുള്ളത്. എന്ജിന് ഘടിപ്പിച്ച വള്ളങ്ങള്‍ക്കുപോലും ഇതുവഴി സഞ്ചരിക്കാനാവുന്നില്ല.
ഉപ്പുവെള്ളം വരുന്നതിനു മുന്നോടിയായിട്ടാണ് പോളപായല്‍ ഇത്തരത്തില്‍ വരാറുള്ളതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇത് നവംബര്‍ മാസത്തോടെയാണ് സാധാരാണ ഉണ്ടാകാറുള്ളത്.
ഇത്തവണ മഴ നിന്ന് ഒരാഴ്ചയോളമായപ്പോഴെ പോളയും പായലും പുഴകളിലേക്കും തോടുകളിലേക്കും ഒഴുകിയെത്തുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഭാഗങ്ങളിലേക്കു പോളയും പായലും നിറഞ്ഞാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും. അധികൃതര്‍ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും തൊഴിലാളികളുടെയും ആവശ്യം.
മൂവാറ്റുപുഴയാറിലും കൈവഴികളിലും പോളയും പായലും നിറയുന്നു
10:46 PM Oct 05, 2022 | Deepika.com