കട്ടപ്പന: വഴിത്തർക്കത്തിന്റെ പേരിൽ അയൽവാസിയെ ഗുരുതരമായി വെട്ടിപരിക്കേല്പിച്ചയാൾ ഒരു വർഷത്തിനു ശേഷം പോലീസിന്റെ പിടിയിലായി. കാഞ്ചിയാർ കൽത്തൊട്ടി മാംബ്ലയിൽ റോയി (48) യാണ് അറസ്റ്റിലായത്.
ഒളിവിൽ കഴിഞ്ഞിരുന്ന റോയി കൽത്തൊട്ടിയിലെ ഇയാളുടെ വീട്ടിൽ എത്തിയെന്ന രഹസ്യവിവരത്തെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
2021 സെപ്റ്റംബർ 19നാണ് അയൽവാസിയായ വരിക്കാനിക്കൽ സിനോജിനെ (45) റോയി വാക്കത്തിക്ക് വെട്ടി പരിക്കേല്പിച്ചത്. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ഇടുക്കിയിൽ പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നിർദേശപ്രകാരം സിഐ വിശാൽ ജോൺസൺ, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എസ്ഐ സജിമോൻ, അനീഷ്, ടോണി ജോൺ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ജിൻസ്, ബിന്ദു, സോഫിയാ എന്നിവർ ചേർന്നാണ് റോയിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അയൽവാസിയെ വെട്ടി പരിക്കേല്പിച്ച പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ
10:36 PM Oct 05, 2022 | Deepika.com