കാസർഗോഡ്: നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ജില്ലയിലെ 12 സ്കൂളുകളില്‍ ജല ഗുണനിലവാര പരിശോധനാ ലാബുകള്‍ ആരംഭിക്കുന്നു. ബളാല്‍ ജിഎച്ച്എസ്എസ്, ബളാന്തോട് ജിഎച്ച്എസ്എസ്, കുണ്ടംകുഴി ജിവിഎച്ച്എസ്എസ്, കയ്യൂര്‍ ജിവിഎച്ച്എസ്എസ്, പിലിക്കോട് ജിഎച്ച്എസ്എസ്, മടിക്കൈ ജിഎച്ച്എസ്എസ്, ഉദുമ ജിഎച്ച്എസ്എസ്, ബങ്കര ജിഎച്ച്എസ്എസ്, മുള്ളേരിയ ജിഎച്ച്എസ്എസ്, പൈവളിഗെ ജിഎച്ച്എസ്എസ്, പട് ള ജിഎച്ച്എസ്എസ്, മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് എന്നീ സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് പുറമെ ഭൂജല വകുപ്പും ജില്ലയിലെ രണ്ടു സ്കൂളുകളില്‍ ലാബ് ആരംഭിക്കും. ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസിലും കുണ്ടംകുഴി ജിഎച്ച്എസ്എസിലുമാണ് ലാബ് ആരംഭിക്കുക. ഒപ്പം പണം നല്കി വിശദമായി കുടിവെള്ള സാമ്പിള്‍ പരിശോധിക്കാന്‍ കേരള വാട്ടര്‍ അഥോറിറ്റിയും അഞ്ചു ലാബുകള്‍ ജില്ലയില്‍ ആരംഭിക്കും.
ജില്ലയിലെ വിവിധ കിണറുകളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും ശേഖരിച്ച ജല സാമ്പിളുകളുടെ ഗുണനിലവാരം പരിശോധിച്ചതില്‍ ഭൂരിഭാഗം സാമ്പിളുകളിലും മാലിന്യമുള്ളതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുത്ത 12 സ്കൂളുകളില്‍ ജല ഗുണനിലവാര പരിശോധനാ ലാബ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കിണര്‍ ജലാശയങ്ങളിലെ ജല സാമ്പിളുകള്‍ പരിശോധിച്ചതില്‍ അതീവ മാലിന്യം നിറഞ്ഞ് ഉപയോഗ്യ യോഗ്യമല്ലാത്ത രീതിയിലാണ് കണ്ടെത്തിയിട്ടുള്ളത്. 90 ശതമാനത്തിന് മുകളില്‍ മൂന്നെണ്ണവും 80-90 ശതമാനത്തിനിടയില്‍ മൂന്നെണ്ണവും 60-80 ശതമാനത്തിനിടയില്‍ 12 ണ്ണവും 50 ശതമാനത്തിന് മുകളില്‍ ഏഴെണ്ണവും മലിനമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
കെമിസ്ട്രി ലാബുകളുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കെമിസ്ട്രി അധ്യാപകരുടെയും സയന്‍സ് വിദ്യാര്‍ഥികളുടെയും സഹായത്തോടെയായിരിക്കും ലാബ് പ്രവര്‍ത്തിക്കുക. ജലഗുണനിലവാര പരിശോധന ലാബ് നിലവില്‍ വരുന്നതോടെ പ്രദേശത്തെ ജലസ്രോതസുകളില്‍ നിന്നുള്ള സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ച് ഫലം അറിയാനാവും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ലാബുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി നവകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന് പറഞ്ഞു.
12 സ്കൂളുകളില്‍ ജല ഗുണനിലവാര പരിശോധനാ ലാബ് തുറക്കുന്നു
12:57 AM Oct 04, 2022 | Deepika.com