കണ്ണൂർ: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണ് കോടിയേരിയുടെ വിയോഗമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. പയ്യാന്പലം പാർക്കിൽ നടന്ന സർവകക്ഷി അനുശോചനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ നയിക്കുന്ന മുന്നണിപ്പോരാളിയെയാണ് നഷ്ടപ്പെട്ടതെന്ന് മുൻ ജനറൽ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. രാഷ്ട്രീയമുള്ളവരെയും ഇല്ലാത്തവരെയും ഒരുപോലെ സ്വാധീനിച്ച ജനനായകനാണ് കോടിയേരി ബാലകൃഷ്ണനെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. വ്യത്യസ്ത ആശങ്ങളിൽ വിശ്വസിക്കുന്പോഴും പരസ്പര ബഹുമാനത്തോടെയും ആരെയും വ്യക്തിപരമായി കടന്നാക്രമിക്കാതിരിക്കുകയും ചെയ്ത വ്യക്തിത്വത്തിനുടമയായിരുന്നു കോടിയേരിയെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. സൗമ്യതയായിരുന്നു കോടിയേരിയുടെ പ്രത്യേകതയെന്ന് എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ ജി. രാമചന്ദ്രന്, എം.എ. ബേബി, മുൻ പിബി അംഗം എസ്. രാമചന്ദ്രന്‍പിള്ള, ബിജെപി ദേശീയ സമിതിയംഗം സി.കെ. പദ്മനാഭന്, തോമസ് ചാഴികാടൻ എംപി, കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, കെ.പി. മോഹനൻ എംഎൽഎ, നീലലോഹിത ദാസ് നാടാർ, അബ്ദുറഹിമാൻ കല്ലായി, അഡ്വ. എ.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
പാർട്ടിക്കും സമൂഹത്തിനും നികത്താനാകാത്ത നഷ്ടം: യെച്ചൂരി
12:53 AM Oct 04, 2022 | Deepika.com