അടയ്ക്കാത്തോട് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
12:51 AM Oct 04, 2022 | Deepika.com
കേളകം: അടയ്ക്കാത്തോട് കരിയംകാപ്പിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു. ആനമതിൽ നിർമാണം നിർത്തിയ ഭാഗത്തുകൂടിയാണ് ആന പ്രദേശത്തേക്ക് പ്രവേശിച്ചത്. വാഴകൾ, പുല്ല്, തെങ്ങിൻ തൈകൾ തുടങ്ങിയ കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. ആറുമുഖം സുമോദ്, കൊല്ലിയിൽ അനൂപ്, ചീരംവേലിൽ ജസ്റ്റിൻ, നരികുഴ ജസ്റ്റിൻ, ഗിരീഷ് എന്നിവരുടെ പറമ്പിലാണ് ഒറ്റകൊമ്പനിറങ്ങി വിളനാശം വരുത്തിയത്. പറമ്പിൽ പ്രവേശിച്ച കാട്ടാനയെ മണത്തണ, ആറളം ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഏറെ പ്രയത്നത്തിനൊടുവിലാണ് തിരികെ കാട്ടിലേക്ക് തുരത്തിയത്.