കോരുത്തോട്: പൊൻകുന്നം എക്സൈസിന്റെ നേതൃത്വത്തിൽ കോരുത്തോട് കോസടി ഭാഗത്തുനടത്തിയ പരിശോധനയിൽ മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തത്. കോരുത്തോട് സ്വദേശികളായ ആലഞ്ചേരിൽ അരുൺ ജോൺ (22), കളപ്പുരതൊട്ടിയിൽ അനന്തു കെ. ബാബു(22), തോണിക്കവയലിൽ ജിഷ്ണു സാബു (27) എന്നിവരെയാണ് പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവരുടെ പക്കൽനിന്നു വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.5 ഗ്രാം എംഡിഎംഎയും, 2.5 ഗ്രാം ഉണക്കകഞ്ചാവും, മയക്കുമരുന്നു കടത്തുന്നതിനായി ഉപയോഗിച്ച ബൈക്കും മൂന്ന് മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇന്നലെ പുലർച്ചെ കോസടി കള്ളുഷാപ്പിനു സമീപത്തുനിന്നുമാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും കഞ്ചാവും കണ്ടെത്തിയത്.
ഡ്രൈവറായ ജിഷ്ണു സാബു മുന്പും കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്. എരുമേലി എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു പ്രതികളെ റിമാൻഡ് ചെയ്തു. പരിശോധനയിൽ എഇഐ ഗ്രേഡ് ടോജോ ടി. ഞള്ളിയിൽ, പ്രിവന്റീവ് ഓഫീസർ കെ.എൻ. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. വികാസ്, അഫ്സൽ കരീം, എക്സൈസ് ഡ്രൈവർ എം.കെ. മുരളീധരൻ എന്നിവർ പങ്കെടുത്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മേഖലയിൽ കൂടുതൽ പരിശോധന വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
എംഡിഎംഎയും കഞ്ചാവുമായി മൂന്നുപേർ എക്സൈസ് പിടിയിൽ
12:10 AM Oct 04, 2022 | Deepika.com