കൊല്ലം: ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്സ്പ്രസിൽ സാമൂഹിക വിരുദ്ധരുടെ പരാക്രമം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം രാത്രി 8.40 ന് വണ്ടി ശാസ്താംകോട്ട സ്റ്റേഷനിൽ എത്തിയപ്പോൾ ഒരാൾ ബാത്ത് റൂമിനോട് ചേർന്നുള്ള വാഷ് ബേസിന് മുകളിലുള്ള വലിയ കണ്ണാടി അടിച്ചു തകർത്തു. നിമിഷ നേരത്തിനുള്ളിൽ അക്രമി ഇരുളിൽ രക്ഷപ്പെടുകയും ചെയ്തു.
ഇയാൾ മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു. അവധി ദിവസം ആയതിനാൽ വണ്ടിയിൽ യാത്രക്കാർ വളരെ കുറവായിരുന്നു. പരിസരമാകെ കണ്ണാടി ചില്ലുകൾ കിടന്നതിനാൽ പിന്നീട് ആർക്കും വാഷ് ബേസിൻ ഉപയോഗിക്കാനും കഴിഞ്ഞില്ല. പോലീസിൽ അറിയിച്ചെങ്കിലും അവർ വൈകിയാണ് എത്തിയത്.
രണ്ട് ദിവസം മുമ്പും സമാനമായ രീതിയിലുള്ള സംഭവം ഇതേ വണ്ടിയിൽ അരങ്ങേറി. അന്ന് ബാത്ത് റൂമിന്റെ വാതിലാണ് ആരോ തകർത്തത്. രണ്ട് സംഭവത്തിലും പ്രതികളെ തിരിച്ചറിയാനോ പിടികൂടാനോ റെയിൽവേ പോലീസിന് സാധിച്ചിട്ടില്ല.
വേണാട് എക്സ്പ്രസിൽ ആക്രമണം; അക്രമി ഓടിരക്ഷപ്പെട്ടു
11:55 PM Oct 03, 2022 | Deepika.com