കാട്ടാക്കട : വിളപ്പിൽശാലയിൽ ഫാംഹൗസിൽ മോഷണം നടത്തിയ ആറംഗ സംഘം പിടിയിൽ. വിളപ്പിൽശാല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജസ്റ്റിൻ ബ്രിഷ് സിംഗ് എന്നയാളുടെ വാളക്കോട് എന്ന സ്ഥലത്തുള്ള ഫാംഹൗസിൽ മോഷണം നടത്തിയവരാണ് പോലീസിന്റെ പിടിയിലായത്.
പെരുംകുളം കട്ടയ്ക്കോട് പൂഞ്ഞാംകോട് വടക്കുംകര ശാലുഭവനിൽ ഷാലു (32), കട്ടയ്ക്കോട് മുഴുവൻകോട് വാളക്കോട് ചരുവിള പുത്തൻ വീട്ടിൽ രാജേഷ് (37), മലപ്പനംകോട് അഞ്ചുഭവനിൽ അനിൽകുമാർ (52), കട്ടയ്ക്കോട് പനയംകോട് വാളക്കോട് വട്ടവിള വീട്ടിൽ സുരേഷ് (29), പനയംകോട് കട്ടയ്ക്കോട് വാളക്കോട് വട്ടവിള പുത്തൻ വീട്ടിൽ സന്തു (35), കട്ടയ്ക്കോട് കുക്കുർണി കിഴക്കരികത്ത് വീട്ടിൽ ജോണി (33) എന്നിവരെയാണ് പിടികൂടിയത്.
സെപ്റ്റംബർ 20നും ഈ മാസം രണ്ടിനുമിടയിലുമുള്ള ദിവസങ്ങളിലാണ് മോഷണം നടത്തിയതെന്നു പോലീസ് പറയുന്നു. പല തവണകളായി ഫാംഹൗസിൽ അതിക്രമിച്ച് കയറി ഫാം ഹൗസിന്റെ പൂട്ട് പൊളിച്ച് ഫാമിനകത്ത് ഫിറ്റ് ചെയ്തിരുന്ന 23 ചെറിയ ഇരുമ്പ് വാതിലുകളും വേലിയ്ക്കായി ഫിറ്റ് ചെയ്തിരുന്ന ഇരുമ്പ് കമ്പിവേലികളും ജിഐ ഷീറ്റുകളും ഷെഡ്ഡിലായി ഫിറ്റ് ചെയ്തിരുന്ന എട്ട് സിസിടിവി കാമറകളും ഫാമിൽ വച്ചിരുന്ന വൺ എച്ച്പിയുടെ രണ്ട് മോട്ടോറുകളും ആട്ടിൻകൂട് ഉണ്ടാക്കുന്നതിനായി വീതിക്ക് അറുത്ത് വച്ചിരുന്ന കുറെ പട്ടിക കഷണങ്ങളും മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു.
കാട്ടാക്കട ഡിവൈഎസ്പി അനിൽ കുമാറിനു ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് ഇൻസ്പെക്ടർ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ആശിഷ്, ജിഎസ്ഐ രാജൻ, സിപഓമാരായ അജിൽ, അജിത്ത്, പ്രദീപ്, സതീശൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഫാംഹൗസിൽ മോഷണം: ആറംഗ സംഘം പിടിയിൽ
11:55 PM Oct 03, 2022 | Deepika.com