കൊല്ലം: ട്രെയിനിൽ നിന്ന് വീണ യുവതി അത്ഭുതകരമായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.11 ന് മയ്യനാട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. മയ്യനാട് ധവളക്കുഴി സ്വദേശി സുരഭിക്കാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും നെറ്റിയിലും നിസാര പരിക്കേറ്റ ഇവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര -പുനലൂർ പാസഞ്ചറിൽ ഏസി കോച്ചുകൾക്ക് പുറകിലുള്ള കമ്പാർട്ട്മെന്റിലെ യാത്രക്കാരിയായിരുന്നു ഇവർ. ആറ് വയസുള്ള മകനും ഒപ്പം ഉണ്ടായിരുന്നു.
വണ്ടി മയ്യനാട് സ്റ്റേഷനിൽ നിർത്തിയപ്പോഴാണ് ഇവർ ഇറങ്ങാൻ ശ്രമിച്ചത്. സഹയാത്രികർ പിന്തിരിപ്പിച്ചെങ്കിലും ലഗേജും ബാഗും പ്ലാറ്റ്ഫോമിൽ ഇട്ടശേഷം ചാടിയിറങ്ങുകയായിരുന്നു. ഉടൻ യുവതി പ്ലാറ്റ്ഫോമിൽ മലർന്നടിച്ച് വീണു. പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഒരാൾ അവസരോചിതമായി ഇടപെട്ടതിനാൽ ഇവരുടെ കാലുകൾ വണ്ടിയുടെ അടിവശത്തേയ്ക്ക് പോകാതെ രക്ഷപ്പെടുത്താനായി. തുടർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഭയചകിതയായ ഇവർ ബോധരഹിതയായെങ്കിലും പിന്നീട് സാധാരണ നിലയിലായി.
കൂടെ ഉണ്ടായിരുന്ന കുട്ടിയെ വണ്ടിയിൽ ഉണ്ടായിരുന്ന യാത്രക്കാർ ചാടി ഇറങ്ങാൻ അനുവദിക്കാതെ സുരക്ഷിതമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തി കൂട്ടിക്കൊണ്ടുപോയി. മധുര -പുനലൂർ പാസഞ്ചറിൽ പോലീസുകാർ ആരും ഡ്യൂട്ടിക്ക് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. അപകട വിവരം അറിയിച്ചാലും അവർ കൃത്യമായി ഇടപെടാറില്ലന്നും ആക്ഷേപമുണ്ട്.
ട്രെയിനിൽ നിന്ന് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
11:55 PM Oct 03, 2022 | Deepika.com