കൊച്ചി: സ്വകാര്യമേഖലയുടെ പങ്കാളിത്തം നഗരവികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് അഥോറിറ്റി സെക്രട്ടറി കെ.വി.അബ്ദുള്‍ മാലിക്ക്.
ജിസിഡിഎ സംഘടിപ്പിക്കുന്ന ബോധി നാഷണല്‍ അര്‍ബന്‍ കോണ്‍ക്ലേവിന് മുന്നോടിയായി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെയുള്ള മൂന്നോ നാലോ പദ്ധതികള്‍ ജിസിഡിഎ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയും പണവും സാങ്കേതിക വൈദഗ്ധ്യവും ജിസിഡിഎയുടെ പക്കലുണ്ട്. എന്നാല്‍ സ്വകാര്യമേഖലയുടെ പ്രവര്‍ത്തനമികവ് കൂടി സര്‍ക്കാര്‍ പദ്ധതികളില്‍ കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. ഇത്തരം സംയുക്ത സംരംഭങ്ങള്‍ സര്‍ക്കാര്‍ മേഖലയിലെ എന്‍ജിനീയര്‍മാര്‍ക്ക് ഒരു പഠനാനുഭവം കൂടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഭവനവാണിജ്യ സമുച്ചയം, ഓഫീസ് സമുച്ഛയങ്ങള്‍, സ്ത്രീകള്‍ക്കായുള്ള ഫിറ്റ്നസ് കേന്ദ്രം തുടങ്ങിയ പദ്ധതികളാണ് ജിസിഡിഎ ലക്ഷ്യമിടുന്നത്. ബോള്‍ഗാട്ടി കണ്വന്ഷന് സെന്ററില്‍ ഒമ്പത്, 10 തീയതികളിലാണ് ബോധി ദേശീയ കോണ്‍ക്ലേവ് നടക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് // www. nationalur banconclave.com വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
നഗരവികസനത്തിന് സ്വകാര്യ പങ്കാളിത്തം അഭ്യര്‍ഥിച്ച് ജിസിഡിഎ
11:52 PM Oct 03, 2022 | Deepika.com