മൂവാറ്റുപുഴ: സഹപാഠിയുടെ കുടുംബത്തിന് സാന്ത്വനമേകുന്നതിനായി സാമൂഹ്യ ക്ഷേമ പദ്ധതിയുമായി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂളിലെ വിദ്യാർഥികൾ. സഹപാഠിക്ക് പഠന സഹായവും മാതാപിതാക്കൾക്ക് ചികിത്സാ സഹായവും നൽകുന്നതിനായി അന്താരാഷ്ട്ര ഗേൾസ് ഡേയോടനുബന്ധിച്ച് എട്ടിനും ഒന്‍പതിനും എൻഎസ്എസ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരത്തിൽ ഭക്ഷ്യമേളയൊരുക്കി തുക സമാഹരിക്കും.
‘ഗേൾസ് നൈറ്റ് ഔട്ട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി അന്നേ ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 10.30 വരെ കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്കു സമീപത്തെ ടാക്സി സ്റ്റാന്‍ഡിലാണ് ഭക്ഷ്യ സ്റ്റാളുകളൊരുക്കിയിരിക്കുന്നത്.
വിദ്യാർഥിനികൾ നേരിട്ട് നടത്തുന്ന സ്റ്റാളുകൾക്കു പുറമേ വിവിധ സ്ഥാപനങ്ങളുടെ അഞ്ചോളം സ്റ്റാളുകളുമുണ്ടാകും. എല്ലാ സ്റ്റാളുകളുടേയും പ്രവർത്തനം വിദ്യാർഥിനികളുടെ നേതൃത്വത്തിലായിരിക്കും.
വീടുകളിൽനിന്നും കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾക്ക് പുറമേ തത്സമയ പാചകവും ഒരുക്കിയിട്ടുണ്ട്. കൂടാതെ വ്യത്യസ്ത കലാപരിപാടികളും ഇതോടൊപ്പം ഒരുക്കും. പ്രചരണാർഥം ഏഴിന് രാത്രി 8.30ന് നഗരത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ വാക്കത്തോണും സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂളിൽ നടത്താനിരുന്ന ചെറിയ പദ്ധതിയാണ് മാത്യു കുഴൽനാടൻ എംഎൽഎ, നഗരസഭാംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ വിപുലമാക്കി മാറ്റുന്നത്.
പെണ്‍കുട്ടികളിലെ ക്രിയേറ്റിവിറ്റിയും നേതൃതപാഠവവും ഉയർത്തിക്കൊണ്ടുവരുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മരിയ പത്രസമ്മേളനത്തിൽ അറിയിച്ചു. എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ പ്ലെജി മാത്യൂ, വിദ്യാർഥി പ്രതിനിധികളായ ഏയ്ഞ്ചൽ ജോഷി, അഞ്ചല ബിജു, അന്ന റോസ് വിൻസ് തുടങ്ങിയവർ പങ്കെടുത്തു.
സഹപാഠിയുടെ കുടുംബത്തിന് സാന്ത്വനമേകാൻ വിദ്യാർഥികൾ
11:51 PM Oct 03, 2022 | Deepika.com