മൂവാറ്റുപുഴ: നഗരസഭയെ ഹരിത പൂർണമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഹരിത മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായി മൂന്ന് ടണ്‍ തുണി മാലിന്യങ്ങൾ ശേഖരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയേറെ തുണി മാലിന്യങ്ങൾ ശേഖരിച്ചത്. നഗരസഭയ്ക്ക് കീഴിലുള്ള 28 വാർഡുകളിൽ നിന്നാണ് ഹരിത കർമ്മ സേനാംഗങ്ങൾ പഴയതും പുനരുപയോഗ്യവും ഉപയോഗശൂന്യവുമായ മൂന്ന് ടണ്‍ വസ്ത്രങ്ങൾ ശേഖരിച്ചത്. ഇതിൽ ഉടുപ്പുകൾ മുതൽ മുതിർന്നവരുടെ വസ്ത്രങ്ങൾ, കർട്ടൻ, ബെഡ്ഷീറ്റ്, സാരി, തലയണ, മെത്ത എന്നിവയും ഉൾപ്പെടുന്നു. 50 ഹരിത കർമ്മ സേന പ്രവർത്തകരാണ് അജൈവമാലിന്യ ശേഖരണത്തോടൊപ്പം തുണി മാലിന്യങ്ങൾ, പാഴ് വസ്ത്രങ്ങൾ എന്നിവ ശേഖരിച്ചത്.
നിലവിൽ മൂവാറ്റുപുഴ നഗരസഭയിലെ മെറ്റീരിയൽ കളക്ഷൻ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന തുണി മാലിന്യങ്ങളിൽ പുനരുപയോഗിക്കാൻ കഴിയുന്നവ ഈറോഡ്, കോയന്പത്തൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കന്പനികളിലേക്ക് കൈമാറും. പുനരുപയോഗിക്കാൻ സാധിക്കാത്തവ ക്ലീൻ കേരള കന്പനിയ്ക്ക് കൈമാറുകയും ചെയ്യും. ഹരിത മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യാൻ 9496002423 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.
മൂന്ന് ടണ്‍ തുണി മാലിന്യങ്ങൾ ശേഖരിച്ചു
11:51 PM Oct 03, 2022 | Deepika.com