കൊച്ചി: സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളെ ബന്ധിപ്പിക്കാനായി കൊച്ചി കോര്പറേഷന് വിഭാവനം ചെയ്ത നോര്‍ത്ത് സൗത്ത് ഇടനാഴിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയിട്ട് വര്‍ഷം മൂന്നു കഴിഞ്ഞു. ഇരു സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റര്‍ റോഡാണ് നോര്‍ത്ത് –സൗത്ത് ഇടനാഴി. കോര്‍പറേഷന്റെ നേതൃത്വത്തില്‍ റെയില്‍പാളത്തിന് ഇരുവശത്തും വീതിയുള്ള റോഡ് നിര്‍മിക്കുകയാണ് ലക്ഷ്യം. കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ച് മൂന്നുവര്‍ഷമായിട്ടും പദ്ധതി കടലാസില്‍ തന്നെയാണ്.
ഇരു റെയില്‍വേ സ്റ്റേഷനുകളിലേക്ക് യാത്രക്കാര്‍ ഗതാഗതക്കുരുക്കില്‍പ്പെടാതെ വേഗത്തില്‍ എത്തുന്നതിനായാണ് പദ്ധതി വിഭാവനം ചെയ്തത്. റെയില്‍വേ ഇടനാഴി യാഥാര്‍ഥ്യമായാല്‍ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറും. എംജി റോഡ്, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളിലെ തിരക്കിന് കാര്യമായ കുറവും ഉണ്ടാകും. മാത്രമല്ല റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള യാത്ര കുറേക്കൂടി സുഗമമാകും.
കേന്ദ്രസര്‍ക്കാരിന്റെ മൊബലൈസ് യുവര്‍ സിറ്റി പദ്ധതിയുടെ ഭാഗമായി ഫ്രഞ്ച് ധനകാര്യ സ്ഥാപനമായ എഎഫ്ഡിയുടെ സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചത്. 2.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ റെയില്‍വേയുടെ 1.2 കിലോമീറ്റര്‍ സ്ഥലവും കോര്‍പറേഷന്റെ 1.1 കിലോമീറ്റര്‍ സ്ഥലവും ഉണ്ട്. പദ്ധതിക്കായി സ്ഥലം നല്കാന് റെയില്‍വേ നേരത്തെ തന്നെ സമ്മതം അറിയിച്ചിരുന്നു. വെറും 20 മീറ്റര്‍ മാത്രം സ്വകാര്യ വ്യക്തികളില്‍നിന്ന് ഏറ്റെടുത്താല്‍ മതി. ഇതിന്റെ നടപടികള്‍ മുന്നോട്ട് പോകാത്തതാണ് പദ്ധതി വൈകുന്നതിന് പ്രധാന കാരണം.
നോര്‍ത്ത് സൗത്ത് ഇടനാഴി ഉള്‍പ്പെടെ എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കൊച്ചിയില്‍ നടപ്പാക്കുന്ന അനുബന്ധ പദ്ധതികളില്‍ ഒന്നും തന്നെ പ്രതീക്ഷിച്ച വേഗതയില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രദേശത്തെ വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പദ്ധതികള്‍ക്ക് യാതൊരു ചലനവും ഉണ്ടായിട്ടില്ല. സൗത്ത് സ്റ്റേഷന് പരിസരത്തെയും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെയും വെള്ളക്കെട്ടിനു ശാശ്വത പരിഹാരമായ മുല്ലശേരി കനാല്‍ നവീകരണവും കമ്മട്ടിപ്പാടം വെള്ളക്കെട്ട് നിവാരണ പദ്ധതിയും പ്രാരംഭഘട്ടത്തില്‍ തന്നെയാണ്.
കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ സ്റ്റേഷന് നവീകരണം കഴിഞ്ഞാലും അനുബന്ധപദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന മട്ടില്ല.
നോര്‍ത്ത്-സൗത്ത് ഇടനാഴിക്കായി കാത്തിരിപ്പ് നീളുന്നു
11:46 PM Oct 03, 2022 | Deepika.com