എടത്വ: വാഹനമിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു. തലവടി പരുമൂട്ടില് വില്‍സണ്‍ (തോമസ് മത്തായി-57) ആണ് മരിച്ചത്. കഴിഞ്ഞമാസം 24ന് വൈകുന്നേരം വെള്ളക്കിണര്‍ ജംഗ്ഷനു സമീപം വാഹനമിടിച്ചു പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അമിതവേഗത്തില്‍ എതിര്‍ദിശയില്‍നിന്നും വന്ന ബൈക്ക് ജോലി കഴിഞ്ഞു സൈക്കിളില്‍ മടങ്ങുകയായിരുന്ന വില്‍സനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
തലയ്ക്കു സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10ന് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ. ജെസി. മക്കള്‍. ബിന്‍സി, ബിജോ. മരുമകന്. സന്തോഷ്. എടത്വ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സംസ്കാരം പിന്നീട്.
വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
10:57 PM Oct 03, 2022 | Deepika.com