ബെന്നി വാഴപ്പിള്ളിലിനെ ആദരിച്ചു
12:45 AM Oct 03, 2022 | Deepika.com
ചന്ദനക്കാംപാറ: ലോക കേരള സഭയുടെ ഇന്തോനേഷ്യൻ പ്രതിനിധിയായിരുന്ന പ്രമുഖ വ്യവസായ സംരംഭകനും രാഷ്ട്രദീപിക ഡയറക്ടറുമായ പൈസക്കരി സ്വദേശി ബെന്നി വാഴപ്പിള്ളിലിനെ ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജരും ഇടവക വികാരിയുമായ ഫാ. ജോസഫ് ചാത്തനാട്ട് ആദരിച്ചു. കഠിനാധ്വാനവും ആത്മ സമർപ്പണവും വഴി ലോകം അറിയുന്ന സംരംഭകനും സാമൂഹിക -ജീവകാരുണ്യ മേഖലയിലെ സജീവ പ്രവർത്തകനുമായ ബെന്നി വാഴപ്പിള്ളിൽ പൊതുസമൂഹത്തിന് ഉത്തമ മാതൃകയാണെന്ന് ഫാ. ജോസഫ് ചാത്തനാട്ട് പറഞ്ഞു. ബെന്നി വാഴപ്പിള്ളിൽ, തലശേരി അതിരൂപതാ കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗിരീഷ് മോഹൻ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു, അധ്യാപകൻ സി.ജെ. അവിരാച്ചൻ എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് പ്രവീൺ പാലമറ്റത്തിൽ, പി.എച്ച്. പ്രകാശ് എന്നിവർ നേതൃത്വം നൽകി.