കട്ടപ്പന: ഇടുക്കി ജില്ലാ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ദീപിക സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖർ ആദരവും പ്രതിഭകൾ എക്സലൻസ് അവാർഡും ഏറ്റുവാങ്ങി. കട്ടപ്പന സെന്റ് ജോർജ് പാരീഷ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കോതമംഗലം ബിഷപ് എമിരറ്റസ് മാർ ജോർജ് പുന്നക്കോട്ടിലും കാഞ്ഞിരപ്പള്ളി ബിഷപ് എമിരറ്റസ് മാർ മാത്യു അറയ്ക്കലും ചേർന്നു ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
കുടിയേറ്റ ജനതയുടെയും ഇടുക്കി ജില്ലയുടെയും സങ്കീർണങ്ങളായ വിവിധ വിഷയങ്ങളിൽ കർഷകരോടൊപ്പം ചേർന്ന് അവർക്കായി നിലകൊണ്ട പത്രമാണ് ദീപികയെന്നു മാർ ജോർജ് പുന്നക്കോട്ടിൽ പറഞ്ഞു. മനഃസാക്ഷിയുടെയും നേരിന്റെയും ശബ്ദമാണ് ദീപികയുടെതെന്നു മാർ മാത്യു അറയ്ക്കൽ പറഞ്ഞു. ഭാരതത്തിന്റെ 135 വർഷത്തെ ചരിത്ര ഗതിവിഗതികൾ സൂക്ഷിക്കുന്ന ഏക മലയാള ദിനപത്രമാണ് ദീപികയെന്നു കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ദീപിക മുൻ ചീഫ് എഡിറ്ററുമായ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ ചൂണ്ടിക്കാട്ടി.
ഇടുക്കി ജില്ലയുടെയും കേരളത്തിന്റെയും സാമൂഹ്യ, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളിലെല്ലാം ആഴത്തിൽ പഠനം നടത്തുകയും വിശകലനം ചെയ്യുകയും ജനങ്ങളിൽ എത്തിക്കുകയും ചെയ്യുന്ന നിസ്വാർഥ മാധ്യമ സംസ്കാരമാണ് ദീപികയുടെതെന്ന് ഇടുക്കി രൂപത വികാരി ജനറാൾ മോണ്. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു.
ഇടുക്കി ജില്ലയുടെ വികസനവും ഐശ്വര്യവും മതസൗഹാർദത്തിന്റെയും കഠിനാധ്വാനത്തിന്റെ പ്രതിഫലനമാണെന്നും വരും നാളുകളിലും അതു സംരക്ഷിക്കപ്പെടണമെന്നും മലനാട് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അഭിപ്രായപ്പെട്ടു. രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിന് അർഹനായ ഇടുക്കി ജില്ലാ പോലീസ് ചീഫ് വി.യു.കുര്യാക്കോസ്, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, രാഷ്ട്രദീപിക ഡയറക്ടർ റവ.ഡോ. സി.സി. ജോണ്, ഡിഎഫ്സി ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ എന്നിവർ പ്രസംഗിച്ചു. ഡിഎഫ്സി ഇടുക്കി സോൺ കോ-ഓർഡിനേറ്റർ ഫാ. ജിൻസ് കാരക്കാട്ട് നന്ദി പറഞ്ഞു.
വിവിധ മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികളെ ആദരിച്ചു. എക്സലൻസ് അവാർഡ് ജേതാക്കളെ ദീപിക ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റം പരിചയപ്പെടുത്തി. 25 വർഷം പൂർത്തിയാക്കിയ ദീപിക ഏജന്റുമാരെ ദീപിക ജനറൽ മാനേജർ (മാർക്കറ്റിംഗ്) കെ.സി. തോമസ് പരിചയപ്പെടുത്തി. ദീപിക ഏജന്റുമാർക്കും കട്ടപ്പന മേഖലയിലെ സ്കൂളുകളിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്കൂളുകൾക്കും വിദ്യാർഥികൾക്കും സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകി. ഖത്തർ ട്രൈയൂണ് എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ ജീസ് ജോസഫ് അവാർഡ് ജേതാക്കൾക്കായി മറുപടി പ്രസംഗം നടത്തി.
മാർ പുന്നക്കോട്ടിലിനും
മാർ അറയ്ക്കലിനും
പ്രത്യേക പുരസ്കാരം
കട്ടപ്പന: ഇടുക്കി ജില്ലയുടെ വളർച്ചയ്ക്കും വികസനത്തിനും നേതൃത്വം നൽകിയവരിൽ പ്രമുഖരായ കോതമംഗലം രൂപത ബിഷപ് എമിരറ്റസ് മാർ ജോർജ് പുന്നക്കോട്ടിലിനെയും കാഞ്ഞിരപ്പള്ളി ബിഷപ് എമിരറ്റസ് മാർ മാത്യു അറയ്ക്കലിനെയും ദീപിക പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. കട്ടപ്പനയിൽ ഇടുക്കി ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. മാർ പുന്നക്കോട്ടിലിന് മാർ അറയ്ക്കലും മാർ അറയ്ക്കലിനു മാർ പുന്നക്കോട്ടിലും പുരസ്കാരങ്ങൾ സമ്മാനിച്ചു. രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡൽ നേടിയ ഇടുക്കി ജില്ലാ പോലീസ് ചീഫിനും ദീപിക പുരസ്കാരം സമ്മാനിച്ചു.
മിന്നിത്തിളങ്ങി ഇടുക്കി ജൂബിലിയാഘോഷം
12:12 AM Oct 03, 2022 | Deepika.com