പൈങ്ങോട്ടൂർ: പൂർണമായും തകർന്ന് തരിപ്പണമായ കുളപ്പുറം-പോത്താനിക്കാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തം. റോഡ് പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി.
പോത്താനിക്കാട് മുതൽ കുളപ്പുറം വരെ നാല് കിലോമീറ്റർ ദൂരമാണ് യാത്രാക്കാർക്ക് ദുരിതമായിരിക്കുന്നത്. ഇരുചക്രവാഹന യാത്രികർ നിത്യവും ഇവിടെ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്.
തൊടുപുഴ, കലൂർ, പാറപ്പുഴ ഭാഗങ്ങളിൽനിന്ന് പോത്താനിക്കാട് ഭാഗത്തേക്ക് എളുപ്പത്തിലെത്തിച്ചേരാൻ കഴിയുന്നതിനാൽ നിരവധി യാത്രക്കാരാണ് ഈ റോഡ് ഉപയോഗിക്കുന്നത്. കാളിയാർ-മൂവാറ്റുപുഴ റോഡിന്റെ കടവൂർ പോത്താനിക്കാട് സമാന്തര പാത കൂടിയാണിത്. കാറുകളുൾപ്പെടെ ചെറുവാഹനങ്ങൾ കുഴിയിൽ വീണ് തകരാർ സംഭവിക്കുന്നതും പതിവാണ്.
റീ ടാർ ചെയ്ത് റോഡ് പൂർണമായും സഞ്ചാരയോഗ്യമാക്കണമെന്ന് ജനപ്രതിനിധികളോടും പൊതുമരാമത്ത് അധികാരികളോടും നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
കുളപ്പുറം-പോത്താനിക്കാട് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം ശക്തം
12:12 AM Oct 03, 2022 | Deepika.com