സംക്രാന്തിയിൽ വാഹനക്കുരുക്ക്
12:06 AM Oct 03, 2022 | Deepika.com
സംക്രാന്തി: സംക്രാന്തി- പേരൂര്‍ റോഡില്‍ നിന്നും പഴയ എംസി റോഡിലേക്കു പ്രവേശിക്കുന്ന റോഡിന്റെ കവാടത്തിലെ വീതിക്കുറവ് വാഹനയാത്രക്കാര്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. എംസി റോഡില്‍ വലിയ ഗതാഗത തിരക്ക് അനുഭവപ്പെടുന്നതിനാല്‍ നിരവധി വാഹനങ്ങളാണ് സംക്രാന്തി ജംഗ്ഷനില്‍ നിന്നും പേരൂര്‍ റോഡിലുടെ തിരിഞ്ഞു പഴയ എംസി റോഡിലുടെ ഏറ്റുമാനൂര്‍ ഭാഗത്തേക്കു സഞ്ചരിക്കുന്നത്. നാളുകള്‍ക്കു മുമ്പ് ഇവിടുത്തെ ഗതാഗത തിരക്ക് പരിഗണിച്ചു എംസി റോഡില്‍ നിന്നും സംക്രാന്തി റോഡിലേക്കു പ്രവേശിക്കുന്നതു വണ്‍വേയാക്കി മാറ്റി. ഇപ്പോള്‍ സംക്രാന്തി - പേരൂര്‍ റോഡിലൂടെ എംസി റോഡിലേക്ക് എത്തുന്നവര്‍ സംക്രാന്തി ജംഗ്ഷനില്‍ നിന്നും പഴയ എംസി റോഡില്‍ പ്രവേശിച്ചു സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ പള്ളിയ്ക്കു മുന്നിലുള്ള വീതി കുറഞ്ഞ വഴിയിലുടെ എംസി റോഡിലേക്ക് പ്രവേശിക്കുകയാണ്. ഇവിടുത്തെ വീതികുറവാണ് വാഹനയാത്രക്കാര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും ധാരാളം വാഹനങ്ങള്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പഴയ എംസി റോഡിലൂടെ സംക്രാന്തി ഭാഗത്തേക്കും എത്തുന്നുണ്ട്. പേരൂര്‍ ഭാഗത്തേക്കു പോകേണ്ട യാത്രക്കാര്‍ക്കും റോഡിലെ വീതിക്കുറവു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റോഡിന്റെ വീതിക്കുറവുള്ള സ്ഥലത്ത് കാലപ്പഴക്കം ചെന്ന കെട്ടിടമാണ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുത്തു പൊളിച്ചു നീക്കി റോഡിനു വീതികൂട്ടിയാല്‍ പ്രശ്നത്തിനു പരിഹാരമാകും. അടിയന്തരമായി ഈ കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുത്തു റോഡിനു വീതി കൂട്ടി വാഹനയാത്ര സൗകര്യപ്രദമാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. കാലപ്പഴക്കം ചെന്ന കെട്ടിടം സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ പള്ളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും നഷ്ടപരിഹാരം ലഭിച്ചാല്‍ സ്ഥലം സര്‍ക്കാരിനു നല്കാന് തയാറാണെന്നും പള്ളി അധികൃതര്‍ അറിയിച്ചു.