തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തിലെ കാപട്യം തിരിച്ചറിയണമെന്നു പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. കേരള മദ്യനിരോധന സമിതി ഗാന്ധി ജയന്തി ദിനമായ ഇന്നലെ സെക്രട്ടേറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ഏകദിന കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യലഭ്യത കുറയ്ക്കുക എന്നതാണ് ലഹരി വിപത്ത് ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്നിരിക്കേ ഒരു കൈ കൊണ്ട് മദ്യം വിളന്പുകയും മറുകൈ കൊണ്ട് യോദ്ധാവിനെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിലെ കാപട്യം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മദ്യവിതരണത്തിൽ മാത്രമല്ല, മദ്യ ഉത്പാദനത്തിലും സർക്കാർ നേരിട്ട് ഇടപെടുന്നു എന്നത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
മയക്കു വസ്തുക്കളെ വേരോടെ പിഴുതെറിയാൻ സമൂഹം ഒന്നടങ്കം മുന്നോട്ടു വരണമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രഫ. ടി.എം. രവീന്ദ്രൻ അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ഡയറക്ടർ ഫാ. ജോണ്‍ അരീക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചന പ്രസംഗം നടത്തി. മോണ്‍. യൂജിൻ എച്ച്. പെരേര, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിൻകര സനൽ, നടുക്കുന്നിൽ വിജയൻ, കന്പറ നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
മദ്യനയത്തിലെ കാപട്യം തിരിച്ചറിയണം: പാളയം ഇമാം ഡോ: സുഹൈബ് മൗലവി
11:43 PM Oct 02, 2022 | Deepika.com