പെരുവ: കേരളത്തിനായി പ്രഖ്യാപിക്കപ്പെട്ട ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) വെള്ളൂരില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതികരണവേദിയുടെ കോ-ഒാര്‍ഡിനേറ്റര്‍ രാജു തെക്കേക്കാല സത്യാഗ്രഹ സമരം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
എയിംസിനായി സൗകര്യപ്രദമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും നിര്ദേശിക്കപെടാത്ത സാഹചര്യത്തില്‍ ഏറ്റവും സൗകര്യപ്രദമായ സ്ഥലമാണ് വെളളൂരില്‍ കെപിപിഎല്‍ സ്ഥാപിച്ച ശേഷമുള്ള സ്ഥലം. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കെപിപിഎല്ലിലെ 800 ഏക്കറില്‍ നിന്നും 200 ഏക്കര്‍ എയിംസിനായി വിട്ടു നല്കിയാല് നാടിന്റെ വികസനത്തിനിടയാകുമെന്ന് സമരം ഉദ്ഘാടനം ചെയ്ത മോന്‍സ് ജോസഫ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയുമില്ലാതെ, കേന്ദ്രസഹായത്താല്‍ നടപ്പാക്കപ്പെടുന്ന പദ്ധതിയിലൂടെ ആരോഗ്യമേഖലയില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ സൗകര്യം ലഭ്യമാക്കാനാവുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അനൂപ് ജേക്കബും എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. മധ്യകേരളത്തില്‍ കൊച്ചിയോട് ബന്ധപെട്ട് കിടക്കുന്ന റെയില്‍, റോഡ്, എയര്‍ പോര്‍ട്ട്, ജലഗതാഗത സൗകര്യങ്ങളും വൈദ്യുതി സബ്സ്റ്റേഷന് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായ കെപിപിഎല്‍ വക സ്ഥലത്തിന്റെ ഒരു ഭാഗം എയിംസിന് വിട്ട് നല്കിയാല് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെടാമെന്ന് യോഗത്തില്‍ പ്രസംഗിച്ച ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പറഞ്ഞു. വെള്ളൂര്‍ പോലീസ് സ്റ്റേഷനു സമീപം നടന്ന സമരപരിപാടിയോടുനുബന്ധിച്ചുള്ള യോഗത്തില്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റ് കെ.പി. ജോസഫ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കമ്മിറ്റിയംഗം ടി.എം. സദന്, കെ.ഡി. വിശ്വനാഥന്, ബ്ലോക്ക് പഞ്ചായത്തംഗം സുബിന് മാത്യു, പഞ്ചായത്തംഗം പോള്‍സണ്‍ ആനക്കുഴി, പിറവം മുന്‍സിപ്പാലിറ്റി മുന്‍ ചെയര്മാന് സാബു ജേക്കബ്,
ടോമി മ്യാലില്‍, രാജുമോന് പഴയമ്പള്ളി, പി.സി. രാജേഷ്, അജീഷ് കുറുമഠത്തില്‍, ജോയി തോമസ് ആനിത്തോട്ടം, പി.ആര്. രാജീവ്, എം.ടി. തോമസ്, റോബര്‍ട്ട് തോട്ടുപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സത്യാഗ്രഹസമരം നടത്തി
11:27 PM Oct 02, 2022 | Deepika.com