ചങ്ങനാശേരി: സുഹൃത്ത് ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിന്റെ തറ മാന്തി കുഴിച്ചിട്ട കൃത്യം വിശദീകരിക്കുമ്പോള്‍ ഭാവവ്യത്യാസങ്ങളില്ലാതെ മുത്തുകുമാര്‍. കൊലപാതകം നടത്തിയ രീതികളെല്ലാം മുത്തുകുമാര്‍ പോലീസിനോട് ഒരു കൂസലുംകൂടാതെയാണ് വിശദീകരിച്ചത്. ആലപ്പുഴയില്‍ പാതിരപ്പള്ളിയില്നിന്നു അറസ്റ്റ് ചെയ്ത ആര്യാട് മറ്റത്തില്‍ മുത്തുകുമാറി(53)നെ ഇന്നലെ ഉച്ചയോടെയാണ് ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
വൈകുന്നേരം അഞ്ചോടെ പോലീസ് സംഘം മുത്തുകുമാറിനെ ബിന്ദുകുമാര്‍ കൊലചെയ്യപ്പെട്ട ചങ്ങനാശേരി പൂവം എസി കോളനിയിലുള്ള മുത്തുകുമാറിന്റെ വാടക വീട്ടിലെത്തിച്ചു. ഇവിടെവച്ചാണ് മുത്തുകുമാര്‍ കൊലപാതക കൃത്യം ഒരു കഥ പോലെ വിശദീകരിച്ചത്.
ബൈക്കില്‍ പൂവത്തുള്ള വീട്ടിലെത്തിയ ബിന്ദുകുമാറും മുത്തുകുമാറും മറ്റ് രണ്ടുപേരും ചേര്‍ന്ന് മദ്യപിച്ചു. ഇതിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. മൂവരും ചേര്‍ന്ന് ബിന്ദുകുമാറിനെ ക്രൂരമായി മര്‍ദിച്ചു. മരണപ്പെട്ട ബിന്ദുകുമാറിനെ മൂവരും ചേര്‍ന്ന് വീടിനോടു ചേര്‍ന്നുള്ള ഷെഡിന്റെ തറതുരന്ന് കുഴിച്ചിട്ടതായും മുത്തുകുമാര്‍ വിശദീകരിച്ചു.
ബിന്ദുകുമാറുമായി നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിലുണ്ടായിരുന്ന രണ്ടുപേരെക്കൂടി അറസ്റ്റ്ചെയ്ത് ചോദ്യം ചെയ്താലെ കൊലപാതക കാരണങ്ങളും മറ്റും വ്യക്തമാകുകയുള്ളൂവെന്നാണ് പോലീസിന്റെ ഭാഷ്യം.
ചങ്ങനാശേരി ഡിവൈഎസ്പി സി.ജി. സനല്‍, എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി കൃത്യം നടന്ന പൂവത്തുള്ള മുത്തുകുമാറിന്റെ വീട്ടിലെത്തിച്ചത്.
കൊലപാതകത്തിനുശേഷം മൃതദേഹം മറവുചെയ്യാന്‍ ഉപയോഗിച്ചെന്നു കരുതുന്ന മണ്‍വെട്ടിയും കമ്പിപ്പാരയും സമീപ വീട്ടില്‍നിന്നും മുത്തുകുമാര്‍ പോലീസിനു കാട്ടിക്കൊടുത്തു. മൃതദേഹം മറവുചെയ്യാന്‍ സിമന്റ് വാങ്ങിയ തൃക്കൊടിത്താനം മുക്കാട്ടുപടിയിലുള്ള സിമന്റു കടയിലും പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുത്തു.
കൊലയ്ക്കു കാരണം വ്യക്തിവൈരാഗ്യം
11:16 PM Oct 02, 2022 | Deepika.com