ആദരവ് ഏറ്റുവാങ്ങി പ്രമുഖർ, അവാർഡ് നിറവിൽ പ്രതിഭകൾ
കട്ടപ്പന: ഇടുക്കി ജില്ലാ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ദീപിക സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങിൽ പ്രമുഖർ ആദരവും പ്രതിഭകൾ എക്സലൻസ് അവാർഡും ഏറ്റുവാങ്ങി. കട്ടപ്പന സെന്റ് ജോർജ് പാരീഷ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കോതമംഗലം ബിഷപ് എമിരറ്റസ് മാർ ജോർജ് പുന്നക്കോട്ടിലും കാഞ്ഞിരപ്പള്ളി ബിഷപ് എമിരറ്റസ് മാർ മാത്യു അറയ്ക്കലും ചേർന്നു ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
കുടിയേറ്റ ജനതയുടെയും ഇടുക്കി ജില്ലയുടെയും സങ്കീർണങ്ങളായ വിവിധ വിഷയങ്ങളിൽ കർഷകരോടൊപ്പം ചേർന്ന് അവർക്കായി നിലകൊണ്ട പത്രമാണ് ദീപികയെന്നു മാർ ജോർജ് പുന്നക്കോട്ടിൽ പറഞ്ഞു. ഇടുക്കിയുടെ അത്രയും പ്രസിസന്ധികൾ ഉണ്ടായിട്ടുള്ള ജില്ല കേരളത്തിൽ അധികമില്ല. അപ്പോഴെല്ലാം ദീപിക ആശ്വാസവും കരുതലും ശക്തിയുമായി കൂടെ നിന്നു. ഇന്നും കർഷകരോടൊപ്പം നിൽക്കുന്നത് ദീപികയാണ് - മാർ പുന്നക്കോട്ടിൽ പറഞ്ഞു.
മനഃസാക്ഷിയുടെയും നേരിന്റെയും ശബ്ദമാണ് ദീപികയുടെതെന്നു മാർ മാത്യു അറയ്ക്കൽ പറഞ്ഞു. ഇടുക്കിയുടെ ജൂബിലി ആഘോഷിക്കാൻ അർഹതയും അവകാശവുമുള്ള പത്രമാണ് ദീപിക. ഇടുക്കിയുടെ വികസന വഴികളിൽ വഴികാട്ടിയായും സംരക്ഷകയായും ഈ പത്രമുത്തശി മുന്നിൽത്തന്നെ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ 135 വർഷത്തെ ചരിത്രഗതിവിഗതികൾ സൂക്ഷിക്കുന്ന ഏക മലയാള ദിനപത്രമാണ് ദീപികയെന്നു കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ദീപിക മുൻ ചീഫ് എഡിറ്ററുമായ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ ചൂണ്ടിക്കാട്ടി.
ഇടുക്കി ജില്ലയുടെയും കേരളത്തിന്റെയും സാമൂഹ്യ, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളിലെല്ലാം ആഴത്തിൽ പഠനം നടത്തുകയും വിശകലനം ചെയ്യുകയും ജനങ്ങളിൽ എത്തിക്കുകയും ചെയ്യുന്ന നിസ്വാർഥ മാധ്യമ സംസ്കാരമാണ് ദീപികയുടെതെന്ന് ഇടുക്കി രൂപത വികാരി ജനറാൾ മോണ്. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു.
ഇടുക്കി ജില്ലയുടെ വികസനവും ഐശ്വര്യവും മതസൗഹാർദത്തിന്റെയും കഠിനാധ്വാനത്തിന്റെ പ്രതിഫലനമാണെന്നും വരും നാളുകളിലും അതു സംരക്ഷിക്കപ്പെടണമെന്നും മലനാട് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അഭിപ്രായപ്പെട്ടു. ജില്ലയിലെ നിർമാണ നിരോധനം വികസനം പാടെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിന് അർഹനായ ഇടുക്കി ജില്ലാ പോലീസ് ചീഫ് വി.യു.കുര്യാക്കോസ് , കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, രാഷ്ട്രദീപിക ഡയറക്ടർ റവ.ഡോ.സി.സി. ജോണ്, ഡിഎഫ്സി ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ എന്നിവർ പ്രസംഗിച്ചു. ഡിഎഫ്സി ഇടുക്കി സോൺ കോ-ഓർഡിനേറ്റർ ഫാ. ജിൻസ് കാരക്കാട്ട് നന്ദി പറഞ്ഞു.
വിവിധ മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികളെ ആദരിച്ചു. എക്സലൻസ് അവാർഡ് ജേതാക്കളെ ദീപിക ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റം പരിചയപ്പെടുത്തി. 25 വർഷം പൂർത്തിയാക്കിയ ദീപിക ഏജന്റുമാരെ ദീപിക ജനറൽ മാനേജർ (മാർക്കറ്റിംഗ്) കെ.സി. തോമസ് പരിചയപ്പെടുത്തി. ദീപിക ഏജന്റുമാർക്കും കട്ടപ്പന മേഖലയിലെ സ്കൂളുകളിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്കൂളുകൾക്കും വിദ്യാർഥികൾക്കും സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകി. ഖത്തർ ട്രൈയൂണ് എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ ജീസ് ജോസഫ് അവാർഡ് ജേതാക്കൾക്കായി മറുപടി പ്രസംഗം നടത്തി.
മിന്നിത്തിളങ്ങി ഇടുക്കി ജൂബിലിയാഘോഷം
10:56 PM Oct 02, 2022 | Deepika.com