തൊടുപുഴ: ജില്ലയിൽ ആദ്യമായി വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് പൂർത്തിയാക്കി മണക്കാട് പഞ്ചായത്ത്. പുതുപ്പരിയാരം മൃഗാശുപത്രിയുടെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ 23ന് ആരംഭിച്ച ക്യാന്പുകൾ 30ന് പൂർത്തിയാക്കി. പതിമൂന്നു വാർഡുകളിലായി 22 ക്യാന്പുകളാണ് സംഘടിപ്പിച്ചത്. 592 നായ്ക്കൾക്ക് വാക്സിൻ നൽകി.
മൃഗസംരക്ഷണ വകുപ്പ് നൽകിയ 300 ഡോസ് വാക്സിനു പുറമെ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ രൂപംനൽകിയ പ്രോജക്ടിൽനിന്നു 300 ഡോസ് വാക്സിൻ കൂടി ലഭ്യമാക്കിയാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്.
അടുത്ത ഘട്ടമായി തെരുവുനായ്ക്കൾക്കായുള്ള എബിസി പദ്ധതിക്കായി 390 ഡോസ് വാക്സിനും സജ്ജമാക്കിയിട്ടുണ്ട്. തെരുവുനായ്ക്കൾ, ഉപേക്ഷിക്കപ്പെട്ട നായ്ക്കൾ എന്നിവയ്ക്കായി ഷെൽട്ടർ ഹോമും സജ്ജമാക്കും.
പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ്, സെക്രട്ടറി കെ.എൻ. സുശീല, വെറ്ററിനറി സർജൻ അനു സുധാകരൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വളർത്തുനായ്ക്കളുടെ വാക്സിനേഷൻ പൂർത്തിയാക്കി മണക്കാട് പഞ്ചായത്ത്
10:52 PM Oct 02, 2022 | Deepika.com