അന്ത്യവിശ്രമം പോരാളികൾക്കൊപ്പം
12:34 AM Oct 02, 2022 | Deepika.com
കണ്ണൂർ: പോരാട്ടങ്ങൾ അവസാനിപ്പിച്ചു മടങ്ങിയ കോടിയേരി ബാലകൃഷ്ണന്റെ അന്ത്യവിശ്രമവും പോരാളികൾക്കൊപ്പമാണ്. കണ്ണൂർ പയ്യാമ്പലത്തെ പൊതുശ്മശാനത്തിലാണ് മരിക്കാത്ത ഓർമകളുമായി അദ്ദേഹത്തെ സംസ്കരിക്കുന്നത്. പോരാട്ടവീര്യങ്ങളുടെ ചിത കത്തിയെരിഞ്ഞ പയ്യാമ്പലത്തെ മണ്ണിൽ എകെജിയുടെയും ഇ.കെ. നായനാരുടെയും സമീപം ഇനി പ്രവർത്തകരുടെ പ്രിയപ്പെട്ട സഖാവും ഓർമകളുടെ തീജ്വാല തെളിക്കും. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനുശേഷം നാളെ വൈകുന്നേരം മൂന്നോടെയാണ് പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകൾ ആരംഭിക്കുന്നത്. ചടയൻ ഗോവിന്ദൻ, എംവിആർ, സുകുമർ അഴീക്കോട്, കോൺഗ്രസ് നേതാവ് കെ. സുരേന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ പയ്യാമ്പലത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.