ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ സ്വച്ഛതാ ലീഗ് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ വേളയില്‍ ആലപ്പുഴ നഗരസഭയിലും സമാപന ആഘോഷവും മധുരം വിതരണവും അനുമോദന യോഗവും സംഘടിപ്പിച്ചു. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷംവരെ ജനസംഖ്യയുള്ള രാജ്യത്തെ 1850 നഗരങ്ങളുമായി മത്സരിച്ചാണ് ആലപ്പുഴ നഗരസഭ ഈ അഭിമാന നേട്ടം കൈവരിച്ചത്.
ദില്ലി താൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി കൗശല്‍ കിഷോറില്‍ നിന്നു ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ് അവാർഡ് ഏറ്റുവാങ്ങി. കേന്ദ്ര ഭവന നഗരകാര്യ സെക്രട്ടറി മനോജ് ജോഷി യുപി പ്രിൻസിപ്പൽ സെക്രട്ടറി നികുഞ്ജ് ശ്രീവാസ്തവ എന്നിവർ പ്രസംഗിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ബീന രമേശ്, നഗരസഭ സെക്രട്ടറി ബി.നീതുലാല്‍ എന്നിവർ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷയ്ക്കൊപ്പം അവാർഡ് ഏറ്റുവാങ്ങി.
15000 മുതൽ 25000 വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഗുരുവായൂർ നഗരസഭ ഒന്നാമതെത്തി. അംബികാപുർ-ഛത്തീസ്ഗഡ്, ഐസ്വാൾ - മിസോറാം, അനന്ത് നാഗ്- ജമ്മു കാഷ്മീർ, പൻവേൽ-മഹാരാഷ്ട്ര എന്നീ നഗരങ്ങളാണ് രാജ്യത്തെ ഒരു ലക്ഷം മുതൽ 3 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ആലപ്പുഴയ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടത്. നഗരസഭയില്‍ നടന്ന അനുമോദന യോഗം എംഎല്‍എ പി.പി. ചിത്തരഞ്ജന് ഉദ്ഘാടനം ചെയ്തു.
വൈസ്ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എ.ഷാനവാസ്, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ആര് പ്രേം, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യ ക്ഷ ആര്.വിനിത, വാര്‍ഡ് കൗണ്‍സിലര്‍ എ.എസ് കവിത, ഹെല്‍ത്ത് ഓഫീസര്‍ കെ.പി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലർമാരും ജീവനക്കാരും പായസ വിതരണം നടത്തിയും പടക്കം പൊട്ടിച്ചും അവാര്‍ഡ് നേട്ടം ആഘോഷമാക്കി.
ഇന്ത്യന്‍ സ്വച്ഛതാ ലീഗ് പുരസ്കാരം ആഘോഷമാക്കി ആലപ്പുഴ നഗരസഭ
11:04 PM Oct 01, 2022 | Deepika.com