പാലക്കാട്: ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ, കോളജ് അധ്യാപകർക്കായി ലഹരി വിരുദ്ധ ബോധവത്്കരണ ശില്പശാല സംഘടിപ്പിച്ചു. നൂറണി ശാരദ ശങ്കര കല്യാണമണ്ഡപത്തിൽ നടന്ന പരിപാടി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഹയർസെക്കൻഡറി സ്കൂളുകളിലും കോളജുകളിലും ആന്റി നാർകോട്ടിക് ക്ലബ് കോ-ഓർഡിനേറ്റർമാരായ "യോദ്ധാവ്’ എന്നറിയപ്പെടുന്ന അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. 250ഓളം അധ്യാപകരും 76ഓളം ജനമൈത്രി ഓഫീസർമാരും വിവിധ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരും ജനമൈത്രി സിആർഒമാരും പങ്കെടുത്തു.
ജിഎച്ച്എസ്എസ് കോഴിപ്പാറ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും തയാറാക്കിയ ഷോർട്ട് ഫിലിമിന്റെ പ്രദർശനം, ആസ്ബിൻസ് സ്പേസ് ഫോർ ഡാൻസ് സ്കൂളിലെ വിദ്യാർഥികളായ ആഷ്ലി ഉഷ, ഋഷിക പ്രഭാസ്, പി. അമേയ, ശ്രുതിഷാ എന്നിവരുടെ ലഹരി വിരുദ്ധ ബോധവത്കരണ നൃത്തവും നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന ശിൽപശാലയിൽ ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെ കുറിച്ചും നിയമവശങ്ങളെ കുറിച്ചും പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ്, ജില്ലാ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് ഡോ. ശരത്, സാമൂഹ്യനീതി വകുപ്പ് കൗണ്‍സിലർ മാത്യു ജോസഫ് എന്നിവർ ക്ലാസെടുത്തു.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പരിപാടിയിൽ അധ്യക്ഷനായി.
അധ്യാപകർക്ക് ലഹരിവിരുദ്ധ ബോധവത്കരണ ശില്പശാല നടത്തി
12:49 AM Oct 01, 2022 | Deepika.com