സര്‍ക്കാര്‍ ഓഫീസുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് മുന്‍ഗണന
12:43 AM Oct 01, 2022 | Deepika.com
കാസർഗോഡ്: വിവിധ സേവനങ്ങള്‍ക്കായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് മുന്‍ഗണന നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകളുടെ വിശദാംശങ്ങളും നിബന്ധനകളും മാനദണ്ഡങ്ങളും എന്തെല്ലാമാണെന്ന് വയോജനങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന രീതിയില്‍ ഓഫീസുകളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. വയോജനങ്ങള്‍ക്ക് കാലതാമസം കൂടാതെയും മുന്‍ഗണനയോട് കൂടിയും സേവനങ്ങള്‍ ലഭ്യമാകും. 60 വയസിന് മുകളില്‍ പ്രായമുളള മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് വാർധക്യകാല പെന്ഷന് അര്‍ഹതയുണ്ട്. അപേക്ഷ അതാത് പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ നല്‍കണം. വയോജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതിന് തടസമോ കാലതാമസമോ ഉണ്ടായാല്‍ എല്‍ഡര്‍ലൈന്‍ നമ്പറായ 14567 ല്‍ ബന്ധപ്പെടാം.