നെല്ലിക്കുറ്റി: ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി സന്ദേശ യാത്രയും ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാതല ബെസ്റ്റ് പിടിഎ അനുമോദന സദസും ഇന്ന് നടക്കും. രാവിലെ 9.30ന് നെല്ലിക്കുറ്റി കേരളോദയം വായനശാലയിൽ ഗാന്ധി ക്വിസ് മത്സരം ആരംഭിക്കും.
10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ അനുമോദന സദസും തുടർന്ന് ഗാന്ധി സ്മൃതി സന്ദേശ യാത്രയും തലശേരി അതിരൂപതാ കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്യും. നെല്ലിക്കുറ്റിയിൽ നിന്നാരംഭിക്കുന്ന സന്ദേശ യാത്ര ചെറിയ അരീക്കമല, ഏറ്റുപാറ, ചളിമ്പറമ്പ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പൂപ്പറമ്പിൽ സമാപിക്കും.
വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി, സ്കൂൾ മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ, ഇരിക്കൂർ എഇഒ ഗിരീഷ് മോഹൻ, സീനിയർ സൂപ്രണ്ട് മനിയേരി വിനോദ് കുമാർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സോജൻ കാരാമയിൽ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
നെല്ലിക്കുറ്റിയിൽ ഗാന്ധിസ്മൃതി സന്ദേശയാത്ര ഇന്ന്
12:38 AM Oct 01, 2022 | Deepika.com