ഹോം നഴ്സിംഗ് പരിശീലനം
12:36 AM Oct 01, 2022 | Deepika.com
പയ്യന്നൂർ: വനിതകൾക്ക് സൗജന്യ ഹോം നഴ്സിംഗ് പരിശീലനം നൽകാൻ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു. പദ്ധതിക്കായി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ മാറ്റിവച്ചിരുന്നു. ബ്ലോക്ക് പരിധിയിൽ നിന്നും തെരഞ്ഞെടുത്ത 20നും 50നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് മൂന്ന് മാസത്തെ പരിശീലനം നൽകുക. അടിയന്തര ശുശ്രൂഷ, പ്രായമായവരുടെയും കിടപ്പുരോഗികളുടെയും കുട്ടികളുടെയും പരിചരണം തുടങ്ങിയവയിലാണ് പരിശീലനം. ഇതിനായി മാതമംഗലം മാത്തിലെ ബ്ലോക്ക് പഞ്ചായത്ത് പരിശീലന കേന്ദ്രം ഉപയോഗിക്കും. സാന്ത്വന കേന്ദ്രങ്ങളിൽ പ്രായോഗിക പരിശീലനവും ലഭ്യമാക്കും. ഹോം നേഴ്സിംഗ് മേഖലയിലെ സാധ്യതകൾ മുന്നിൽകണ്ടും ആരോഗ്യ മേഖലയിലെ പ്രവർത്തനം ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനം നേടിയവർക്ക് ഈ മേഖലയിൽ ജോലി ഉറപ്പാക്കാനാക്കും.