പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച്
12:21 AM Oct 01, 2022 | Deepika.com
കോതമംഗലം: എംഎൽഎയുടെ ‘അരുത് വൈകരുത്’പദ്ധതിയുടെ ഭാഗമായി കോതമംഗലം മാർ ത്തോമ്മ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ സന്പൂർണ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിന്റെ ഉദ്ഘാടനം നടനും സംവിധായകനുമായ സോഹൻ സിനുലാൽ നിർവഹിച്ചു. പെരുന്നാൾ ദിനങ്ങളിൽ പള്ളിയും പരിസരവും പൂർണമായും ഗ്രീൻ പ്രോട്ടോക്കോളിലായിരിക്കും പ്രവർത്തിക്കുക. കോതമംഗലം നഗരസഭ, ഹരിത കേരളാ മിഷൻ, ശുചിത്വമിഷൻ, എംബിറ്റ്സ് എൻജിനീയറിംഗ് കോളേജ് എൻഎസ്എസ് ടീം, നഗരസഭയിലെയും നെല്ലിക്കുഴി, വാരപ്പെട്ടി പഞ്ചായത്തുകളിലേയും ഹരിതകർമ സേനാംഗങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ന് മുതൽ പെരുന്നാൾ തീരും വരെ സന്നദ്ധസേനാംഗങ്ങൾ കർമരംഗത്ത് ഉണ്ടാകും. ഗ്രീൻ പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരും. മുനിസിപ്പൽ ആരോഗ്യ വിഭാഗത്തിന്റെയും പോലീസ് സേനയുടെയും പ്രത്യേക നിരീക്ഷണവും ഉണ്ടായിരിക്കും. ആന്റണി ജോണ് എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പള്ളി വികാരി ഫാ. ജോസ് പരുത്തുവയലിൽ, എ.ജി ജോർജ്, കെ.എ. നൗഷാദ്, തഹസീൽദാർ റെയിച്ചൽ കെ. വറുഗീസ്, ഐ.വി. രാജീവ്, ബെന്നി ആർട്ട്ലൈൻ, സേവി ഇലഞ്ഞിക്കൽ, എൽദോസ് ചേലാട്ട്, ബേബി ചുണ്ടാട്ട് എന്നിവർ പ്രസംഗിച്ചു.