തലയോലപ്പറമ്പ്: പായലും പോളയും പുല്ലും വളർന്ന് തിങ്ങി മീതെ നടന്നു പോകാവുന്ന വിധത്തിൽ നികന്നുപോയ കുറുന്തറ പുഴയെ മാലിന്യവിമുക്തമാക്കി നീരൊഴുക്കു സാധ്യമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നു.
കരികനാലിൽനിന്ന് ആരംഭിച്ച് കരിയാറിൽ സംഗമിക്കുന്ന കുറുന്തറ പുഴ തലയോലപ്പറമ്പ് ചന്തയ്ക്ക് കിഴക്കുഭാഗം മുതൽ പടിഞ്ഞാറ് കോരിക്കൽ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് നീരൊഴുക്ക് നിലച്ചത്. മാലിന്യവാഹിനിയായി ജനജീവിതത്തിനു ദുരിതം സമ്മാനിക്കുന്ന കുറുന്തറ പുഴ 20 വർഷം മുമ്പ് വരെ ജലഗതാഗതത്തിനു പര്യാപ്തമായ ജലാശയമായിരുന്നു. പ്രദേശവാസികൾ കുളിക്കുന്നതിനും അലക്കുന്നതിനുമൊക്കെ ആശ്രയിച്ചിരുന്ന തെളിനീർ ഒഴുകിയിരുന്ന പുഴ പിന്നീട് നീരൊഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞു ദുർഗന്ധം വമിക്കുന്ന നിലയിലാകുകയായിരുന്നു.
തലയോലപ്പറമ്പ് പഞ്ചായത്തിൻെറ പടിഞ്ഞാറൻ മേഖലയിലെ ജനജീവിതത്തിനൊപ്പം കാർഷിക മേഖലയ്ക്കും കുറുന്തറ പുഴയുടെ നാശം തിരിച്ചടിയായി.
തലയോലപ്പറമ്പിലെ പടിഞ്ഞാറൻ മേഖലയായ വടയാറിലെ 17 പാടശേഖരങ്ങളിലെ 2000 ഏക്കറോളം നെൽപാടശേഖരത്തിൽ ശുദ്ധജലം ലഭ്യമാക്കിയിരുന്നത് കുറുന്തറ പുഴയായിരുന്നു. കുറുന്തറ പുഴയുടെ നീരൊഴുക്ക് നിലച്ചതോടെ രണ്ടു കൃഷി ചെയ്തിരുന്ന വടയാർ മേഖലയിൽ നെൽകൃഷി ഒരു കൃഷിയായി ചുരുങ്ങി. ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനും കാർഷിക മേഖലയുടെ പുരോഗതിക്കും കുറുന്തറ പുഴയെ വീണ്ടും ഒഴുക്കേണ്ടത് അനിവാര്യമാണെന്ന ബോധ്യത്തിലാണ് ജില്ലാ പഞ്ചായത്ത് കുറുന്തറ പുഴയെ വീണ്ടെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുവന്നത്.
ഇതിനു മുമ്പ് വിവിധ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ കുറുന്തറ പുഴ ശുചീകരണത്തിന് വിനിയോഗിച്ചിട്ടും പദ്ധതികൾ ലക്ഷ്യം നേടിയില്ല. ഇതിനാൽ ജില്ലാ പഞ്ചായത്ത് വിവിധ വകുപ്പുകളുടേയും കർഷകരുടേയും രാഷ്ടീയ പാർട്ടി പ്രതിനിധികളുടേയും പ്രദേശവാസികളുടേയും തൊഴിലുറപ്പ് തൊഴിലാളികളുടേയും സഹകരണത്തോടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയാണ് പദ്ധതി നിർവഹണത്തിനായി സംസ്ഥാന സർക്കാരിനെ സമീപിക്കുന്നത്.
പദ്ധതിയുടെ പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശരത് പൊതുപ്രവർത്തകർക്കും കർഷകർക്കുമൊപ്പം കുറുന്തുറ പുഴയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി സർക്കാരിനു സമർപ്പിച്ച് അടുത്ത സംസ്ഥാന ബജറ്റിൽ ആവശ്യമായ തുക വകയിരുത്തി പദ്ധതി യാഥാർഥ്യമാക്കാനുള്ള ഊർജിതമായ ശ്രമമാണ് നടത്തി വരുന്നെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത് പറഞ്ഞു.
കുറുന്തറ പുഴയെ വീണ്ടുമൊഴുക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കുന്നു
11:55 PM Sep 30, 2022 | Deepika.com