കോട്ടയം: കുറിച്ചി പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ സചിവോത്തമപുരം കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചു. വാര്‍ഡിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായ പദ്ധതിയാണ് പൂര്‍ത്തീകരിച്ചത്. പദ്ധതി നാളെ വൈകുന്നേരം നാലിനു കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് അധ്യക്ഷത വഹിക്കും. ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചന് ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഉപഭോക്ത സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രദേശത്തെ അതിരൂക്ഷമായ കുടിവെള്ളക്ഷാമം ജില്ലാ പഞ്ചായത്തംഗം വൈശാഖിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്നും 14 ലക്ഷം രൂപ വകയിരുത്തി പദ്ധതി പൂര്‍ത്തീകരിച്ചത്. 85 കുടുംബങ്ങളിലെ നാനൂറോളം വ്യക്തികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കുടിവെള്ളത്തിന് കടുത്തക്ഷാമം നേരിടുന്ന പ്രദേശത്തു പദ്ധതി നടപ്പാക്കുന്നത് ആശ്വാസമാകുമെന്നു നാട്ടുകാര്‍ അറിയിച്ചു.
ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് മുഖേന കുഴല്‍ക്കിണര്‍ നിർമിച്ച് വലിയ ടാങ്ക് സ്ഥാപിച്ച് അഞ്ചുലൈനുകളിലായിലാണ് വെള്ളം വീടുകളില്‍ എത്തിക്കുന്നത്. സ്ഥലത്തുതന്നെ സ്ഥിതിചെയ്യുന്ന പൊതുകിണര്‍ കൂടി വൃത്തിയാക്കി ഇതിനൊപ്പം വെള്ളം കൊടുക്കാനുളള ക്രമീകരണം ചെയ്തതും പദ്ധതിയുടെ നേട്ടമായി. ഒരേസമയം സര്‍ഫസ് വാട്ടറും (നീരുറവ) ഗ്രൗണ്ട് വാട്ടര്‍ (ഭൂഗര്‍ഭ ജലവും) സംയോജിപ്പിക്കുന്ന പദ്ധതി കൂടിയാണിത്.
കുറിച്ചി സചിവോത്തമപുരം കുടിവെള്ളപദ്ധതി ഉദ്ഘാടനം നാളെ
11:53 PM Sep 30, 2022 | Deepika.com