കോട്ടയം: എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള (എംപി ലാഡ്സ്) വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദ്ദേശിച്ച പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതടക്കമുള്ള ആദ്യഘട്ട നടപടികള്‍ 75 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് ജോസ് കെ. മാണി എംപി.
എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്താനായി കളക്ടറേറ്റില്‍ നടന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദേഹം. 2018 മുതലുള്ള പദ്ധതികളുടെ അവലോകനമാണ് നടന്നത്. ഭരണാനുമതി നല്കിയ 5.16 കോടി രൂപയുടെ 119 പ്രവൃത്തികളില്‍ 2.02 കോടിയുടെ 59 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വിധത്തിലാണ് എംപി ലാഡ്സ് പദ്ധതികള്‍ നടപ്പാക്കുന്നത്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ള പദ്ധതി, വൈദ്യുതി ലൈന്‍ ദീര്‍ഘിപ്പിക്കല്‍, പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമപദ്ധതികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. നിലവിലുള്ള അനുകൂലമായ കാലാവസ്ഥയില്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ബ്ലോക്കുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
എംപി ലാഡ്സില്‍ ഉള്‍പ്പെടുത്തി കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലന്‍സ് ഉടനടി സേവനത്തിനായി ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എല്‍. ബിന്ദു, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
എംപി ഫണ്ട് പദ്ധതി വേഗത്തിലാക്കണം: ജോസ് കെ. മാണി
11:47 PM Sep 30, 2022 | Deepika.com