കാസര്‍ഗോഡ്: കോവിഡ് കാലത്തിനു ശേഷം ആഭ്യന്തര വിനോദസഞ്ചാരം ഏറ്റവും വലിയ ഉയരങ്ങളിലെത്തുമ്പോഴും മറ്റു ജില്ലകളില്‍നിന്നും കാസര്‍ഗോഡേക്ക് വരുന്നവരുടെ കാര്യത്തില്‍ കാര്യമായ വര്‍ധനയില്ല. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി മുഖ്യധാരാ സിനിമകളുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നായി കാസര്‍ഗോഡ് വളര്‍ന്നിട്ടും സഞ്ചാരികളുടെ എണ്ണത്തില്‍ അതിന്റെ പ്രതിഫലനം കാര്യമായി കാണുന്നില്ല. 1,51,912 ആണ് ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം. തൊട്ടടുത്ത കണ്ണൂര്‍ ജില്ലയില്‍ ഇത് നാലു ലക്ഷത്തിലധികവും വയനാട്ടില്‍ ഏഴു ലക്ഷത്തിലധികവും ആണെന്ന് വരുമ്പോഴാണ് ഇക്കാര്യത്തില്‍ കാസര്‍ഗോഡ് എത്രമാത്രം പിന്നിലാണെന്ന് മനസിലാകുന്നത്. സംസ്ഥാനത്തൊട്ടാകെ ഈ വര്‍ഷം ഒരു ലക്ഷത്തോളം വിദേശ സഞ്ചാരികളെത്തിയപ്പോള്‍ അതില്‍നിന്നും കാസര്‍ഗോഡെത്തിയത് കേവലം 157 പേരാണെന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. തൊട്ടടുത്ത ജില്ലകളില്‍ നിന്നുള്‍പ്പെടെ എത്രയോ അധികം പേര് കാസര്‍ഗോഡ് കടന്ന് ഉഡുപ്പി മാല്‍പേ ബീച്ചിലും സെന്റ് മേരീസ് ഐലന്ഡിലുമൊക്കെ പോകുന്നുണ്ട്.
വിദേശ സഞ്ചാരികള്‍ക്കു മാത്രമല്ല, ആഭ്യന്തര സഞ്ചാരികളുടെ മുന്നിലും കാസര്‍ഗോഡിന്റെ വിലാസം ഇപ്പോഴും മിക്കവാറും ബേക്കല്‍ കോട്ടയില്‍ ഒതുങ്ങിനില്ക്കുന്നു എന്ന യാഥാര്‍ഥ്യവുമുണ്ട്. കുറച്ചുകൂടി പോയാല്‍ റാണിപുരം. വലിയപറമ്പ് ദ്വീപും ഇടയിലക്കാടും പൊസഡിഗുമ്പേയും കോട്ടഞ്ചേരിയും പന്നിയാര്മാനിയുമെല്ലാം ഇനിയും മുഖ്യധാരയിലെത്തേണ്ടിയിരിക്കുന്നു.
ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ കാസര്‍ഗോഡ് വരുന്നതില്‍നിന്നും പിറകോട്ട് വലിക്കുന്ന പ്രധാന ഘടകം. സ്വന്തം വണ്ടിയുണ്ടെങ്കില്‍ പോലും പലയിടങ്ങളിലും എത്തിപ്പെടാനും സമയത്ത് തിരിച്ചുപോരാനും ബുദ്ധിമുട്ടേണ്ടിവരുമെന്നാണ് പലരുടെയും നിലപാട്. പല സ്ഥലങ്ങളിലും എങ്ങനെയാണ് എത്തിപ്പെടേണ്ടതെന്നതിനെ കുറിച്ച് നാട്ടുകാര്‍ക്കു പോലും വലിയ പിടിപാടില്ല. ദൂരസ്ഥലങ്ങളിലാണെങ്കില് താമസത്തിനും ഭക്ഷണത്തിനും സൗകര്യം കിട്ടുന്ന കാര്യത്തിലും സംശയമുണ്ട്.
വിദേശ സഞ്ചാരികളെയും ആഭ്യന്തര സഞ്ചാരികളെയും ഇവിടെയെത്തിക്കണമെങ്കില് ആദ്യം പൂര്‍ത്തിയാകേണ്ടത് പെരിയയിലെ എയര്‍ സ്ട്രിപ്പാണ്. വിനോദസഞ്ചാരികള്‍ക്കൊപ്പം കേന്ദ്ര സര്‍വകലാശാലയും സിപിസിആര്‍ഐയും പോലുള്ള സ്ഥാപനങ്ങളിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തുന്നവര്‍ക്കും അത് സൗകര്യപ്രദമാകും.
പിന്നെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കേവലം പ്രചാരണത്തിനൊപ്പം വിവിധയിടങ്ങളെ കൃത്യമായി ബന്ധിപ്പിക്കുന്ന സര്‍ക്യൂട്ടുകളും ഗതാഗത മാര്‍ഗങ്ങളും ഒരുക്കണം. പ്രധാന കേന്ദ്രങ്ങളിലെല്ലാം ഭക്ഷണവും താമസവും പാര്ക്കിംഗുമുള്പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കണം. മലയോരലും തീരദേശവുമായി ബന്ധിപ്പിച്ചും ജില്ലയിലെ കോട്ടകളെയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെയും ആരാധനാലയങ്ങളെയും കോര്ത്തിണക്കിയുമൊക്കെ സര്‍ക്യൂട്ടുകള്‍ക്ക് രൂപം നല്‍കാം. ഈ വര്‍ഷാവസാനം ബേക്കലില്‍ നടക്കുന്ന ബീച്ച് ഫെസ്റ്റിവല്‍ ഇത്തരത്തിലുള്ള നല്ല മാറ്റങ്ങള്‍ക്ക് തുടക്കമാകട്ടെയെന്നാണ് ഇപ്പോള്‍ ജില്ലയുടെ പ്രതീക്ഷ.
സഞ്ചാരികളെയും കാത്ത് കാസര്‍ഗോഡ്
12:58 AM Sep 30, 2022 | Deepika.com