പയ്യന്നൂര്‍: പയ്യന്നൂരിനെയും ഈ നാടിന്റെ സ്വാതന്ത്ര്യസമര പാരമ്പര്യവുമറിയാൻ സിവില്‍ സര്‍വീസ് സംഘമെത്തി. സ്വാതന്ത്ര്യസ്മരണകൾ തുടിച്ചുനിൽക്കുന്ന വിവിധ സ്ഥലങ്ങളും സംഘം സന്ദർശിച്ചു. സിവില്‍ സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായുള്ള ഗ്രാമപഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഏഴംഗസംഘം ഇന്നലെ പയ്യന്നൂരിലെത്തിയത്. സ്വാതന്ത്ര്യസമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാളിനെ സന്ദർശിച്ച ഇവരോട് സ്വാതന്ത്ര്യകാലഘട്ടവും തന്റെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും അദ്ദേഹം വിവരിച്ചു.
പയ്യന്നൂര്‍ താലൂക്ക് ഓഫീസ് സന്ദർശിച്ച സംഘം പയ്യന്നൂരിലെയും പരിസരങ്ങളിലെയും യുവസംരംഭകരുമായി ചര്‍ച്ച നടത്തി. പിന്നിട് പഴയ പോലീസ് സ്റ്റേഷനിലെ ഗാന്ധിസ്മൃതി മ്യൂസിയം, പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയം, ഉപ്പുസത്യഗ്രഹം നടന്ന ഉളിയത്തുകടവ്, കവ്വായി തുടങ്ങി സ്ഥലങ്ങളും സന്ദര്‍ശിച്ചു.
തിരുവനന്തപുരം സ്വദേശിയായ റോജ രാജൻ, വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള രജിത് കുമാര്‍ ഗുപ്ത, വിവേക് തിവാരി, റോഹന്‍ കേശന്, ശ്രേയ ശ്രീ, സമീര്‍ കുമാര്‍ ജെന, ആശിഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘത്തിനൊപ്പം കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് കെ.ബാലഗോപാലന്, പയ്യന്നൂര്‍ തഹസില്‍ദാര്‍ എം.കെ. മനോജ്കുമാര്‍, അസി. കോ -ഓര്‍ഡിനേറ്റര്‍ ജാഫര്‍ സാദിഖ്, പയ്യന്നൂര്‍ വില്ലേജ് ഓഫീസര്‍ കെ.ഷാനി എന്നിവരുമുണ്ടായിരുന്നു.
പയ്യന്നൂരിന്റെ പാരമ്പര്യമറിയാൻ സിവിൽ സർവീസ് സംഘമെത്തി
12:58 AM Sep 30, 2022 | Deepika.com