കണ്ണൂർ: അൺ എയ്ഡഡ് സ്കൂളുകളെ സർക്കാർ അവഗണിക്കുകയാണെന്ന് കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ( കെആർഎസ്എംഎ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ജില്ലയിലെ അൺ എയ്ഡഡ് സ്കൂളുകളിൽ വാർഷിക പരീക്ഷകളിലും മറ്റു മേഖലകളിലും കഴിവ് തെളിയിച്ച സ്ഥാപനങ്ങളെ കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അവാർഡ് നൽകി ആദരിക്കും. വിജയോത്സവ്-2022 എന്ന പേരിൽ ഒക്ടോബർ ഒന്നിന് കണ്ണാടിപ്പറന്പ് ദാറുൽ ഹസ്നാദ് ഇംഗ്ലീഷ് ഹൈസ്കൂളിൽ രാവിലെ 11ന് നടക്കുന്ന സംഗമം കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഹമ്മദ് അധ്യക്ഷത വഹിക്കും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലും മറ്റു വാർഷിക പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെ കെ.വി. സുമേഷ് എംഎൽഎ ആദരിക്കും.
ചടങ്ങിൽ കർമരത്ന അവാർഡ് ജേതാവ് നജീബ് മുട്ടത്തെയും ആദരിക്കും. പത്രസമ്മേളനത്തിൽ അഹമ്മദ്, നജീബ് മുട്ടം, സമീർ രാമന്തളി, കെ.എൻ. മുസ്തഫ, എൻ.പി. സജീവൻ എന്നിവർ പങ്കെടുത്തു.
അൺ എയ്ഡഡ് സ്കൂളുകളെ അവഗണിക്കുന്നു
12:54 AM Sep 30, 2022 | Deepika.com