ശ്രീകണ്ഠപുരത്ത് നഗരസൗന്ദര്യവത്കരണം ഉടന്‍: സജീവ് ജോസഫ് എംഎല്‍എ
12:53 AM Sep 30, 2022 | Deepika.com
ശ്രീകണ്ഠപുരം: 2022 -23 വർഷത്തെ ബജറ്റിൽ ഇരുപത് ശതമാനം തുക വകയിരുത്തിയ ശ്രീകണ്ഠപുരം നഗര സൗന്ദര്യവത്കരണത്തിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും തുടര്‍ന്ന് ടെൻഡര്‍ ക്ഷണിച്ച് ഏറ്റവും കുറഞ്ഞ തുക സമര്‍പ്പിച്ച കോടിക്കണ്ടി ഗ്രൂപ്പിനെ തെരഞ്ഞെടുക്കുകയും ചെയ്തതായി സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു.ശ്രീകണ്ഠപുരം നഗരത്തിൽ മഴക്കാലത്ത് ഒഴുകിയെത്തുന്ന മഴവെള്ളം പൂർണമായും ഒഴുക്കിക്കളയുന്നതിനുള്ള ഡ്രെയിനേജ് സംവിധാനം, ടൈൽ വിരിച്ച നടപ്പാത, കൈവരി സ്ഥാപിക്കലും, റോഡിനും ഡ്രെയ്നേജിനും ഇടയിലുള്ള ഭാഗത്ത് മുഴുവനായും ഇന്റർലോക്ക് വിരിച്ച് ചെളിയാകുന്നത് തടയുവാനും, ഭംഗി വർധിപ്പിക്കുവാനും, നിലവിലുള്ള മരങ്ങൾക്ക് ചുറ്റും കല്ലുകൊണ്ട് കെട്ടി അതിനെ ഇരിപ്പിടമാക്കി മാറ്റുവാനും തുക വകയിരിത്തിയിട്ടുണ്ട്. ടേക്ക് എ ബ്രേക്കിനു സമീപം ഓപ്പണ്‍ സ്റ്റേജും, ഇരിപ്പിടങ്ങളും, രാത്രികാലങ്ങളില്‍ നഗരത്തെ മനോഹരമാക്കുന്നതിനും, സ്ത്രീകളുടേയും മറ്റ് യാത്രക്കാരുടേയും സുരക്ഷയ്ക്കായും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.