അഗളി : അട്ടപ്പാടിയിലെ നിർധനരായ ആദിവാസി കുട്ടികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി സൈക്കിളുകൾ നല്കി നടൻ മമ്മൂട്ടി. പ്രധാന ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചാണ് പദ്ധതി ജില്ലയിൽ നടപ്പിലാക്കിയത്. മമ്മൂട്ടി നേതൃത്വം നല്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് സൈക്കിൾ വിതരണം നടപ്പാക്കിയത്.
കോലഞ്ചേരി സിന്തെറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ കേരളത്തിലുടനീളം ആദിവാസി കുട്ടികൾക്കും തീരദേശവാസികളായ കുട്ടികൾക്കും നിർധനരായ മറ്റു കുട്ടികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും മുഖ്യരക്ഷാധികാരിയുമായ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പദ്ധതി ആരംഭിച്ചത്. അട്ടപ്പാടി മേഖലയിൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം നടക്കുന്നുണ്ട്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറ ഗവണ്മെന്റ് യുപി സ്കൂളിൽ എൻ.ഷംസുദ്ദീൻ എംഎൽഎ ഇന്നലെ നിർവഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂർത്തി, ബ്ലോക്ക് പഞ്ചായത്തഗം ജി.ഷാജു, സ്കൂൾ പ്രധാന അധ്യാപിക ഹസീന മുംതാസ്, അഗളി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.സി. ഗാന്ധി, സ്കൂൾ പിടിഎ പ്രസിഡന്റ് ജയപ്രകാശ്, നിഖിൽ, രമക്കുട്ടി, അധ്യാപകൻ ശക്തിവേൽ, സ്റ്റാഫ് സെക്രട്ടറി വർഗീസ് ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.
കെയർ ആൻഡ് ഷെയർ സൈക്കിൾ വിതരണ പദ്ധതി അട്ടപ്പാടിയിലും തുടങ്ങി
12:34 AM Sep 30, 2022 | Deepika.com