കങ്ങഴ: വനിതാ-ശിശു വികസന വകുപ്പിന്റെയും ഐസിഡിഎസ് വാഴൂരിന്റെയും കങ്ങഴ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പോഷണ്‍ മാ 2022 പോഷകാഹാര പ്രദർശനം കങ്ങഴ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ പോഷണ്‍ അഭിയാനിന്റെ ഭാഗമായി പഞ്ചായത്തിൽ പോഷക മാസാചരണം ആചരിക്കുന്നതിന്റെ ഭാഗമായാണ് പോഷണ്‍ മാ 2022 പ്രദർശനം സംഘടിപ്പിച്ചത്. ഗർഭിണികൾക്കും അമ്മമാർക്കും ചെറിയ കുട്ടികൾക്കുമുള്ള ആയുഷ് മെഡിക്കൽ ക്യാന്പും ബോധവത്കരണ ക്ലാസുകളും കങ്ങഴ ഗവ. ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ ഇതോടൊപ്പം സംഘടിപ്പിച്ചു.
ചിരട്ട, കുപ്പി ഉൾപ്പെടെയുള്ള പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ 21 അങ്കണവാടികളിലെ ജീവനക്കാർ കരകൗശല വസ്തുക്കളൊരുക്കിയും പോഷകാഹാരങ്ങൾ പാചകം ചെയ്തും പ്രദർശനങ്ങളിൽ സജീവ പങ്കാളികളായി.
കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. റംല ബീഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. എം. മാത്യു അധ്യക്ഷതവഹിച്ചു.
പോഷണ്‍ മാ 2022 പ്രദർശനം
12:24 AM Sep 30, 2022 | Deepika.com