കൊച്ചി: എറണാകുളം നഗരത്തെ ലഹരി വിമുക്തമാകാന്‍ ടി.ജെ.വിനോദ് എംഎല്‍എ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന കരുതലായ് നാം, കാവലായി നഗരം എന്ന പദ്ധതിയുടെ അടിയന്തിര പ്രാരംഭ യോഗം എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു. ദിനംപ്രതി വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളില്‍ പോലീസിന്റെ ഇടപെടല്‍ ആവശ്യമാണെന്ന് കാണിച്ച് എംഎല്‍എ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് തുറന്ന കത്ത് എഴുതിയിരുന്നു. തുടര്‍ന്ന് പോലീസും എക്സൈസും രാത്രീകാല പട്രോളിംഗ് അടക്കം ശക്തമാക്കി. നഗരത്തിലെ ലഹരി മരുന്ന് മാഫിയയുടെ വേരോട്ടത്തിനു തടയിടാന്‍ ഈ വിഷയം മുന്നോട്ട് കൊണ്ട് പോകാനാണ് താന്‍ ഈ കാമ്പയിന് മുന്നോട്ടുവയ്ക്കുന്നതെന്ന് ടി.ജെ.വിനോദ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 910 നര്‍ക്കോട്ടിക് കേസുകള്‍ ചാര്‍ജ് ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 1800 കഴിഞ്ഞെന്നും നര്‍ക്കോട്ടിക്സ് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍സലാം പറഞ്ഞു. സ്കൂള്‍ പരിസരത്തുള്ള കടകള്‍ എക്സൈസിന്റെയും പോലീസിന്റെയും ശക്തമായ നിരീക്ഷണ വലയത്തില്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കടകളില്‍ ലഹരി വസ്തുക്കളോ നിരോധനമുള്ള വസ്തുക്കളോ നല്‍കുന്നത് ശ്രദ്ധയില്‍പ്പെടുന്നവര്‍ വിവരം നല്കിയാല് പരിശോധിച്ച് കട അടപ്പിക്കാനുള്ള നടപടികള്‍ കൊച്ചിന് കോര്പറേഷന് ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ.അഷറഫ് പറഞ്ഞു.
നഗരത്തിലെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും യൂണിഫോമില്‍ സ്കൂളിന് പുറത്തു സ്കൂള്‍ സമയത്തിനു ശേഷം ചുറ്റി തിരിയുന്ന കുട്ടികളെ ശ്രദ്ധിക്കണമെന്നും ചര്‍ച്ചയില്‍ പോലീസിനും എക്സൈസിനും മാതാപിതാക്കള്‍ നിര്‍ദേശം നല്കി.
കരുതലായ് നാം, കാവലായി നഗരം പദ്ധതി; ആദ്യ യോഗം ചേര്‍ന്നു
12:05 AM Sep 30, 2022 | Deepika.com