കൊച്ചി: കേന്ദ്രാവിഷ്കൃത പദ്ധതിയായ റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീമിന്റെ ഭാഗമായി എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ 54.24 കോടി രൂപയുടെ വൈദ്യുതി പദ്ധതികള്‍ക്ക് അനുമതി ആയതായി ഹൈബി ഈഡന് എംപി അറിയിച്ചു. എറണാകുളം സര്‍ക്കിള്‍, പെരുമ്പാവൂര്‍ സര്‍ക്കിളിന്റെ കുറച്ച് ഭാഗങ്ങള്‍ എന്നിവിടങ്ങളിൽ വൈദ്യുതിനഷ്ടം കുറയ്ക്കുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കും. പ്രധാനമായും 33 കെവി, 11 കെവി ലൈനുകള്‍ കവേര്‍ഡ് ആക്കുക എന്നതാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 20 കിലോമീറ്റര്‍ ദൂരത്തില്‍ 33 കെ വി ലൈനുകള്‍ കവേര്‍ഡ് ആക്കുന്നുണ്ട്. നോര്‍ത്ത് പറവൂര്‍, വരാപ്പുഴ, വടക്കേക്കര ഭാഗങ്ങളിലായാണ് 20 കിലോമീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നത്.
11 കെ വി ലൈനുകളില്‍ പഴയ ലൈനുകള്‍ മാറ്റി പകരം ഏരിയല്‍ ബണ്ടില്‍ഡ് കേബിള്‍ സ്ഥാപിക്കും. 66.24 കിലോമീറ്ററിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 27.875 കിലോമീറ്റര്‍ ദൂരത്തില്‍ യുജി കേബിളുകള്‍ സ്ഥാപിക്കും. 45 ട്രാന്‍സ്ഫോമറുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. 11 കെവിയുജി കേബിളുകള്‍ സ്ഥാപിക്കുന്നതിന് പിഡബ്ല്യുഡി എന്എച്ചിന്റെയും റയില്‍വേയുടെയും റോഡ് കട്ടിംഗ് അനുമതി ആവശ്യമുള്ളതായി കെഎസ്ഇബി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അടിയന്തിരമായി അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഹൈബി ഈഡന് പറഞ്ഞു.
പാര്‍ലമെന്റ് മണ്ഡലത്തില്‍ റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീമിന്റെ ഭാഗമായി തന്നെ 84.35 കോടിയുടെ പുതിയ പദ്ധതികള്‍ കൂടി സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ 70.68 കോടി രൂപ ട്രാന്സ്മിഷന് മേഖലയിലും 13.67 കോടി രൂപയുടെ പ്രവര്‍ത്തികള്‍ ഡിസ്ട്രിബൂഷന്‍ മേഖലയിലും ആണ്. എത്രയും വേഗത്തില്‍ ഈ പദ്ധതികള്‍ക്കുകൂടി അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എംപി പറഞ്ഞു.
എറണാകുളം മണ്ഡലത്തില്‍ 54.24 കോടിയുടെ വൈദ്യുതി പദ്ധതികൾക്ക് അനുമതി
12:04 AM Sep 30, 2022 | Deepika.com