നെടുങ്കണ്ടം: ഗ്രാമപഞ്ചായത്ത് അവഗണിച്ച വെയിറ്റിംഗ് ഷെഡ് നാട്ടുകാർ ശുചീകരിച്ചു. കുമളി - മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടത്തിനു സമീപം കല്‍ക്കൂന്തലിലെ വെയിറ്റിംഗ് ഷെഡാണ് പ്രദേശവാസികള്‍ ശുചീകരിച്ചത്.
പത്തു വര്‍ഷത്തിലധികമായി അറ്റകുറ്റപ്പണികള്‍ നടത്താതെ കിടന്നിരുന്ന ഇവിടം മാലിന്യക്കൂമ്പാരമായി മാറിയിരുന്നു. സാമുഹികവിരുദ്ധരാണ് വെയ്റ്റിംഗ് ഷെഡ് മലിനമാക്കിയത്. മദ്യക്കുപ്പികളും പാന്‍മസാല പാക്കറ്റുകളും കുന്നുകൂടിയ സ്ഥിതിയായിരുന്നു.
മഞ്ഞപ്പെട്ടിക്കു തിരിയുന്ന കവലയിലുള്ള വെയിറ്റിംഗ് ഷെഡിൽ വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ബസ് കാത്തുനില്ക്കാറുണ്ടായിരുന്നു. വെയിറ്റിംഗ് ഷെഡ് മാലിന്യംതള്ളൽ കേന്ദ്രമായതോടെ യാത്രക്കാര്‍ സമീപത്തെ കടകളുടെയും വീടുകളുടെയും മുമ്പിലാണ് ബസ് കാത്തുനില്‍ക്കുന്നത്. ഇതിനു പരിഹാരമായാണ് പ്രദേശവാസികളായ ദിലീപ് തോപ്പുപറമ്പില്‍, സുലൈമാന്‍ ആലുംമൂട്ടില്‍, സാബു മുല്ലശേരി, തുണ്ടിയില്‍ സണ്ണി എന്നിവര്‍ ചേര്‍ന്ന് വെയ്റ്റിംഗ് ഷെഡ് ശുചികരിച്ചത്. രണ്ട് മുറികളുള്ള വെയ്റ്റിംഗ് ഷെഡിന്റെ മുകള്ഭാഗം നിലവില്‍ ദ്രവിച്ച് പ്ലാസ്റ്ററിംഗ് അടര്‍ന്നുപോയ നിലയിലാണ്. ഇവിടെ സിമന്റ് തേച്ച് ബലപ്പെടുത്തുകയും പെയിന്റടിക്കുകയും ചെയ്താല്‍ ഇത് പൂര്‍ണമായും ഉപയോഗയോഗ്യമാകും.
വെയിറ്റിംഗ് ഷെഡ് നാട്ടുകാർ ശുചീകരിച്ചു
10:44 PM Sep 29, 2022 | Deepika.com