കുമ്പള: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ റാഗിംഗിന് വിധേയമാക്കുന്ന വീഡിയോ പ്രചരിക്കുന്നു. അംഗടിമുഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് റാഗിംഗിന് ഇരയായത്.
ചൊവ്വാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ടതോടെ നടന്നുപോകുകയായിരുന്ന പതിനാറുകാരനെ പ്ലസ്ടുവിന് പഠിക്കുന്ന ചില വിദ്യാര്‍ഥികള്‍ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് തടഞ്ഞുനിര്‍ത്തുകയും സാങ്കല്പികമായി ബൈക്ക് ഓടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഇതോടെ ബൈക്ക് ഓടിക്കുന്നതായി അഭിനയിച്ചു.
ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനുമുമ്പും ഈ രീതിയിലുള്ള റാഗിംഗ് നടന്നതായി ആരോപണമുണ്ടായിരുന്നു. കുട്ടിയുടെ രക്ഷിതാവ് കുമ്പള പോലീസില്‍ പരാതി നല്കി.
വൈകി അഡ്മിഷൻ എടുത്തതിനാൽ യൂണിഫോം ലഭിച്ചിരുന്നില്ലെന്നും സാധാരണ വസ്ത്രം ധരിച്ച് സ്കൂളിലെത്തിയതോടെ സീനിയർ വിദ്യാര്‍ഥികളിൽ ചിലര്‍ ഉപദ്രവിക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥി പരാതിപ്പെട്ടു. സംഭവത്തെ ഗൗരവത്തോടെ കണ്ട് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
റാഗിംഗ് വീഡിയോ: പോലീസ് അന്വേഷണം ആരംഭിച്ചു
12:46 AM Sep 29, 2022 | Deepika.com