വെള്ളരിക്കുണ്ട്: വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെയും വകുപ്പുമന്ത്രിയുടെയും നിലപാട്. വൈദ്യുതി ഓഫീസില്‍ പോയി ക്യൂ നില്‍ക്കേണ്ട കാര്യം ഒഴിവാകുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും അതിന് സമ്മതമാണ്.
എന്നാല്‍ ഓണ്‍ലൈനായി ബില്ലടച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും തുക പോയിട്ടും കെഎസ്ഇബിയുടെ കണക്കില്‍ എത്തിയില്ലെങ്കില്‍ എന്തുചെയ്യും..? ആദ്യകാലങ്ങളില്‍ നിന്നും വിഭിന്നമായി കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ തിരക്കേറിയതോടെ അപൂര്‍വം കേസുകളില്‍ ഇങ്ങനെ സംഭവിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. കഴിഞ്ഞദിവസം ഭീമനടി സെക്ഷന്‍ കീഴിലുള്ള ഉപഭോക്താവ് തന്റെ വീടിന്റെയും കടമുറികളുടേതുമായി നാല് ബില്ലുകള്‍ അവസാന തിയതിക്കുമുമ്പേ ഒരുമിച്ച് ഓണ്‍ലൈനായി അടച്ചതാണ്.
ബാങ്ക് അക്കൗണ്ടില്‍ നിന്നും നാല് ബില്ലുകളുടെയും തുക പിന്ലിച്ചതിന്റെ മെസേജുകളും വന്നു. ബില്ലടയ്ക്കാനുള്ള അവസാന തിയതി കഴിഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോഴാണ് രണ്ട് ബില്ലുകളുടെ തുക കെഎസ്ഇബിയുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് മനസിലായത്. വീണ്ടും കെഎസ്ഇബി ഓഫീസില്‍ ചെന്ന് തുക പണമായിത്തന്നെ അടയ്ക്കേണ്ടിവന്നു. കെഎസ്ഇബിയുടെ അക്കൗണ്ടിലേക്ക് എത്താതിരുന്ന തുക ഒരാഴ്ചയ്ക്കകം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തിരിച്ചുവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇപ്പോള്‍ ഇതിനായുള്ള കാത്തിരിപ്പിലാണ് ഉപഭോക്താവ്. ബാങ്കില്‍ നിന്നും അയച്ച തുക കെഎസ്ഇബിയുടെ അക്കൗണ്ടില്‍ എത്താതിരുന്നത് ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതര്‍ തന്നെ പരാതി നല്‍കിയിട്ടുമുണ്ട്.
ഉപഭോക്താവിന് കാര്യം മനസിലായതുകൊണ്ട് ഇവിടെ പ്രശ്നമൊഴിവായെങ്കിലും മറ്റു പലയിടങ്ങളിലും ഇത്തരം കാര്യങ്ങളില്‍ ഉപഭോക്താക്കളും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം വരെ ഉണ്ടാകുന്ന സ്ഥിതിയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓണ്‍ലൈന്‍ സംവിധാനം നിര്ബന്ധിതമാക്കുന്നതിനുമുമ്പ് അതിലെ ചെറിയ തെറ്റുകുറ്റങ്ങള്‍ കൂടി പരിഹരിക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണെന്നാണ് ഉപഭോക്താക്കളുടെ പക്ഷം.
ഓണ്‍ലൈനായി അടച്ച വൈദ്യുതി ബില്ലുകള്‍ കണക്കില്‍ പെടാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു
12:46 AM Sep 29, 2022 | Deepika.com