ആലക്കോട്: നാച്യുറൽ മലബാർ എഫ്പിസിയുടെ ആഭിമുഖ്യത്തിൽ ആത്മ കണ്ണൂർ, കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രം എന്നിവർ സംയുക്തമായി കവുങ്ങ് കർഷകർക്കായി കൃഷി പഠനക്ലാസ് സംഘടിപ്പിച്ചു. ചപ്പാരപ്പടവ്, ആലക്കോട് എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള അമ്പതോളം കർഷകർ പങ്കെടുത്തു. അവശ്യമൂലകങ്ങളുടെ അഭാവങ്ങളെക്കുറിച്ചും കൃത്യമായ വളപ്രയോഗ രീതികളെക്കുറിച്ചും ബോധവത്കരണം നടത്തി. തുടർന്ന് കർഷകരുമായി സംവദിച്ച് സംശയനിവാരണവും നടത്തി. പ്രദേശത്തെ കവുങ്ങ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നമായ മഞ്ഞളിപ്പ് രോഗത്തെക്കുറിച്ചും അവയുടെ നിയന്ത്രണ മാർഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് കർഷകനായ രാജുവിന്റെ കൃഷിയിടത്തിൽ കൃഷി പാഠശാല സംഘടിപ്പിച്ചത്.
ഗ്രാമീണ അവബോധ പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി അമ്പലവയൽ കാർഷിക കോളജ് വിദ്യാർഥികൾ മഞ്ഞളിപ്പ് ബാധിച്ച കൃഷിയിടങ്ങൾ സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ അതിന്റെ വ്യത്യസ്ഥ ലക്ഷണങ്ങൾ എങ്ങനെയാണ് വരുന്നതെന്ന് കർഷകരുമായി പങ്കുവയ്ക്കുകയും കൃത്യമായ കാർഷിക പരിചരണമുറകൾ കവുങ്ങ്കൃഷിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തുകയും ചെയ്തു. ശില്പശാലയുടെ ഭാഗമായി കവുങ്ങിന്റെ മഞ്ഞളിപ്പ് പ്രതിരോധത്തിനായി ആലക്കോട്, നടുവിൽ പഞ്ചായത്തുകളിലായി കർഷക പങ്കാളിത്തത്തോടെ മുൻനിര പ്രദർശനത്തോട്ടങ്ങൾ ഒരുക്കാൻ തീരുമാനിച്ചു.
കെവികെ മേധാവി ഡോ. പി. ജയരാജിന്റെ നേതൃത്വത്തിൽ കെവികെ ശാസ്ത്രജ്ഞരും അമ്പലവയൽ കാർഷിക കോളജ് വിദ്യാർഥികളും ഉത്പാദക കമ്പനി പ്രതിനിധികളും കർഷകരും ഒരുമിച്ച് കൃഷിയിടങ്ങൾ സന്ദർശിക്കുകയും ആവശ്യമായ പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്തു. പരിയാരം കൃഷി ഓഫീസർ രമ്യാഭായി, ആലക്കോട് കൃഷി ഓഫീസർ വി.എം. അഞ്ജു, കെവികെ അസിസ്റ്റന്റ് പ്രഫസർമാരായ ജെ.എം. റെനിഷ, ഡോ. എ.പാർവതി, നാച്യുറൽ എഫ്പിസിയുടെ ചെയർമാൻ ജോൺ തെക്കുംചേരിക്കുന്നിൽ, ഡയറക്ടർ ബോർഡ് അംഗം ടോമി തോമസ് എന്നിവർ പങ്കെടുത്തു.
കവുങ്ങ് കർഷകർക്കായി കൃഷിപാഠശാല നടത്തി
12:43 AM Sep 29, 2022 | Deepika.com